ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്, പുരുഷമേധാവിത്വത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അനന്തര ഫലമാണിത്; ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് അമലാ പോള്‍

ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ പറയുന്ന കാരണം

ചിത്രീകരണം പുരോഗമിക്കുന്ന വിജയ് സേതുപതി ചിത്രമായ വിഎസ്പി33 എന്ന ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് നടി അമലാ പോള്‍. താന്‍ സിനിമയില്‍ സഹകരിക്കുന്നില്ലെന്നും പറഞ്ഞാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് എന്നാണ് അമലാ പോള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ സംഭവം നടന്നത് തന്റെ ഏറ്റവും പുതിയ ചിത്രമായ ആടൈയുടെ ടീസര്‍ പുറത്തുവിട്ടതിന് ശേഷമാണെന്നും ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയതില്‍ വിജയ് സേതുപതിക്ക് യാതൊരു പങ്കില്ലെന്നും താരം വ്യക്തമാക്കി.

‘വളരെ നിരാശയോടെയാണ് ഞാന്‍ ഇത് എഴുതുന്നത്. വിജയ് സേതുപതി നായകനായി എത്തുന്ന വിഎസ്പി33 എന്ന ചിത്രത്തില്‍ നിന്ന് എന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്താക്കിയിരിക്കുന്നു. ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ പറയുന്ന കാരണം. എനിക്കെതിരെ ഇതുവരെ ആരും ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. പല പ്രതിസന്ധി ഘട്ടങ്ങളിലും ഞാന്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന് ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ നിര്‍മ്മാതാവ് പ്രതിസന്ധിയിലായപ്പോള്‍ ഞാന്‍ എന്റെ പ്രതിഫലം വരെ ഉപേക്ഷിച്ചു. അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ടു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും എന്റെ ശമ്പളം തരണമെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തിട്ടില്ല.

അതോ എന്ത പറവൈ പോലെ എന്ന സിനിമയുടെ കാര്യം പറയുകയാണെങ്കില്‍ എനിക്ക് ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകര്‍ താമസസൗകര്യം ഒരുക്കിയത് ഒരു കൊച്ചു ഗ്രാമത്തിലാണ്. നഗരത്തില്‍ താമസം വേണമെന്ന് പറഞ്ഞ് ഞാന്‍ വാശി പിടിച്ചിരുന്നെങ്കില്‍ അത് ചിത്രത്തിന്റെ ബജറ്റിനെ തന്നെ സാരമായി ബാധിച്ചേനേ. ഒരുപാട് ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം കൂടിയായിരുന്നു അത്. രാവും പകലും ഞങ്ങള്‍ ഷൂട്ട് ചെയ്തു. ചിത്രീകരണത്തിനിടയില്‍ പരിക്ക് പറ്റിയിട്ടും ഞാന്‍ ഷൂട്ടിങ് തുടര്‍ന്നു. കാരണം സമയം പോയാല്‍ വലിയ നഷ്ടം സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ആടൈ എന്ന ചിത്രത്തിന് വേണ്ടിയും ഞാന്‍ വളരെ ചെറിയ പ്രതിഫലമാണ് വാങ്ങിയത്. സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ലാഭത്തിന്റെ പങ്കും ചേര്‍ത്താണ് കരാര്‍ ഉണ്ടാക്കിയത്. ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്ക് പണക്കൊതിയില്ല.

ഇപ്പോള്‍ വിഎസ്പി33 എന്ന ചിത്രത്തിനായി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി മുംബൈയില്‍ എത്തിയിരിക്കുകയാണ്. ഈ സമയത്താണ് നിര്‍മ്മാതാവ് രത്‌നവേലുകുമാര്‍ ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ലെന്നും ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്ന് ഞാന്‍ പറഞ്ഞുവെന്നും അതുകൊണ്ട് ചിത്രത്തില്‍ നിന്ന് പുറത്താക്കുകയാണ് എന്നും പറഞ്ഞാണ് മെസേജ് അയച്ചത്. ചിത്രത്തിന്റെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ വേണ്ടി സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കിയാണ് ഇവിടെ വന്നത്. ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്. ഇത് പുരുഷ മേധാവിത്വത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണെന്നും ആടൈ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത’ എന്നുമാണ് പുറത്തിറക്കിയ കുറിപ്പില്‍ അമല വ്യക്തമാക്കിയത്.

Exit mobile version