മാമാങ്കത്തിന്റെ പോസ്റ്ററില്‍ മമ്മൂട്ടിയ്ക്കൊപ്പം ഉള്ളത് താനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര്‍ വിളിച്ചു; സുധീര്‍

സ്വന്തം അച്ഛന്‍ പോലും അത് താനാണെന്ന് വിചാരിച്ച് വിളിച്ച് അഭിനന്ദിച്ചു എന്നാണ് താരം വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി വീരപുരുഷനായി എത്തുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. പുറത്ത് വിട്ട പോസ്റ്ററില്‍ മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ളത് താനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേര്‍ തന്നെ വിളിച്ചിരുന്നുവെന്ന് നടന്‍ സുധീര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വന്തം അച്ഛന്‍ പോലും അത് താനാണെന്ന് വിചാരിച്ച് വിളിച്ച് അഭിനന്ദിച്ചു എന്നാണ് താരം വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. മമ്മൂക്കയുടെ കൂടെ നില്‍ക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടന്‍ ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്ക്കൊപ്പമുള്ളത് എന്നാണ് താരം വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ചിത്രത്തില്‍ താനും തെറ്റില്ലാത്തൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നും അതില്‍ മമ്മൂക്കയോടും പപ്പേട്ടനോടും വേണു സാറിനോടും വലിയ കടപ്പാടുണ്ടെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. ഈ സിനിമ മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഭാഗമായി മാറട്ടെ എന്ന് ആശംസിക്കുന്നു എന്ന് പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിച്ചത്. നിരവധി വില്ലന്‍ വേഷങ്ങളിലൂടെ വന്ന് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സുധീര്‍.

Exit mobile version