‘വിജയ് ദേവരക്കൊണ്ടയുടെ നായികയായി അഭിനയിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് സംവിധായകന്‍’; ടോളിവുഡില്‍ മീ ടൂ ആരോപണവുമായി ഷാലു ശാമു

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്

സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച മൂവ്‌മെന്റ് ആയിരുന്നു മീ ടൂ. നിരവധി പ്രമുഖരുടെ മുഖംമൂടികളാണ് മീ ടൂവിലൂടെ പുറത്തായത്. ഇപ്പോഴിതാ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ടോളിവുഡില്‍ മീ ടൂ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. തമിഴ് യുവനടി ഷാലു ശാമുവാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തോട് ഒരു ആരാധകന്‍ മീ ടൂ പോലെയുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ, അതാണോ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ കുറയുന്നതിന് കാരണമെന്നുള്ള ചോദ്യമായിരുന്നു ചോദിച്ചത്. ഇതിന് മറുപടിയായിട്ടാണ് ഷാലു തനിക്ക് നേരിടേണ്ടി വന്ന സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

മീ ടൂ നേരിട്ടിട്ടുണ്ടെന്നും അത് സ്വന്തമായി തന്നെ നേരിടാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് പരാതിയൊന്നും നല്‍കിയിരുന്നില്ലെന്നും, നല്‍കിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം പറഞ്ഞു. ഇന്റസ്ട്രിയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് തന്നോട് മോശമായി പെരുമാറിയത് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് അദ്ദേഹം എനിക്ക് ഓഫര്‍ ചെയ്തത്. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ അദ്ദേഹത്തോടൊപ്പം ഒരു രാത്രി കഴിയണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനെ താന്‍ ധൈര്യപൂര്‍വ്വം നേരിട്ടുവെന്നും ഷാലു കുറിച്ചു. എന്നാല്‍ ആ പ്രമുഖ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല. ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ മിസ്റ്റര്‍ ലോക്കലാണ് താരത്തിന്റെ ഒടുവില്‍ തീയ്യേറ്ററിലെത്തിയ ചിത്രം.

Exit mobile version