‘സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയം എന്നതില്‍ തര്‍ക്കമില്ല’; ‘ഇഷ്‌കി’നെ അഭിനന്ദിച്ച് വിടി ബല്‍റാം

സമകാലിക പ്രസക്തിയുള്ള ചിത്രത്തിന്റെ ആണത്തമെന്ന പരികല്‍പ്പനയെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്സ് ശ്രദ്ധേയമാണെന്നാണ് ചിത്രം കണ്ടതിന് ശേഷം ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയിന്‍ നിഗം നായകനായി എത്തിയ ചിത്രത്തെ പ്രശംസിച്ച് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്. സമകാലിക പ്രസക്തിയുള്ള ചിത്രത്തിന്റെ ആണത്തമെന്ന പരികല്‍പ്പനയെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്സ് ശ്രദ്ധേയമാണെന്നാണ് ചിത്രം കണ്ടതിന് ശേഷം ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, ലിയോണ, മാല പാര്‍വതി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘ഇഷ്‌ക്’ കണ്ടു. എംഎല്‍എമാര്‍ക്കുള്ള പ്രത്യേക ഷോയ്ക്ക് സംവിധായകന്‍ അനുരാജ് മനോഹര്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതില്‍ തര്‍ക്കമില്ല. സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്‌കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ‘സെക്‌സി ദുര്‍ഗ’യുമായുള്ള ആശയ സാമ്യം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അവതരണം പലപ്പോഴും ‘കോക്ടൈലി’നേയും ഓര്‍മ്മിപ്പിച്ചു.

കഥയില്‍ ചിലയിടത്ത് വേണ്ടത്ര യുക്തിഭദ്രത തോന്നിയില്ലെങ്കിലും പൊതുവില്‍ തിരക്കഥ രതീഷ് രവി മനോഹരമാക്കി. ഒന്നാം പകുതിയിലെ അല്‍പം ലാഗ് മനപൂര്‍വ്വമാണെന്ന് തോന്നുന്നു. ഇന്റര്‍വെല്ലിനു ശേഷം അത് നല്ല നിലക്ക് പരിഹരിക്കപ്പെടുന്നുണ്ട്. കാസ്റ്റിംഗ് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഷെയ്‌നും ഷൈനും ആന്‍ ശീതളും ലിയോണയും ജാഫര്‍ ഇടുക്കിയുമൊക്കെ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയാക്കി. ഷൈന്‍ ടോം ചാക്കോക്ക് ചിലപ്പോഴൊക്കെ ഫഹദ് ഫാസിലിന്റെ ഛായ. ആണത്തമെന്ന പരികല്‍പ്പനയെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്‌സ് ശ്രദ്ധേയമാണ്. അനുരാജിനും മുഴുവന്‍ ടീമിനും പ്രത്യേക അഭിനന്ദനങ്ങള്‍.

Exit mobile version