പുതുമുഖ താരങ്ങളുടെ പണമെടുക്കും; ആരുടെ കൂടെ കിടക്കണം; എന്ത് ധരിക്കണം എന്നുപോലും തീരുമാനിക്കുന്നത് കരണ്‍ ജോഹര്‍; കടുത്ത ആരോപണങ്ങളുമായി കങ്കണയുടെ സഹോദരി രംഗോലി

കരണ്‍ ജോഹറിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍.

ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. ദുരുദ്ദേശത്തോടെയാണ് പുതുമുഖങ്ങളെ കരണ്‍ സിനിമയിലേക്ക് ക്ഷണിക്കുക. താരങ്ങളുടെ സമ്പാദ്യത്തിന്റെ ഒരുഭാഗം എടുക്കുന്ന കരണ്‍ ജോഹര്‍ ഇവര്‍ എന്ത് ധരിക്കണമെന്നും ആരുടെ കൂടെ കിടക്കണമെന്നും വരെ തീരുമാനിക്കും എന്നും രംഗോലി ആരോപിക്കുന്നു. സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് എറ്റെടുത്തുകൊണ്ടാണ് രംഗോലിയുടെ ആരോപണങ്ങള്‍.

പുതുമുഖതാരമായ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ കരണ്‍ ജോഹര്‍, ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്നും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇഷാന്‍ കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പ്രതികാരമാണ് ഇതെന്ന് കെആര്‍കെ പറയുന്നു.

കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ഏറ്റെടുത്ത രംഗോലി പറയുന്നതിങ്ങനെ, തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ കരണ്‍ എടുക്കാറുണ്ട്. ഒരുപാട് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളും ഇത് തന്നെയാണ് ചെയ്യുന്നതെന്ന് തനിക്കറിയാം. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും ഇതുതന്നെ തുടരും- രംഗോലി ട്വീറ്റ് ചെയ്യുന്നു. രണ്ടുവര്‍ഷം മുമ്പ് കങ്കണയും കരണ്‍ ജോഹറും തമ്മിലുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് വിവാദ ആരോപണങ്ങളുടെ തുടക്കം. പിന്നീട് ഇത് സഹോദരി രംഗോലി ഏറ്റെടുക്കുകയായിരുന്നു.

Exit mobile version