നിഖില വിമല്‍ വീണ്ടും തമിഴിലേക്ക്; ഇത്തവണ നായകന്‍ കാര്‍ത്തി

പാപനാശത്തിനു ശേഷം ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്

ലവ് 24×7 എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് നിഖില വിമല്‍. ഈ ചിത്രത്തിന് ശേഷം തമിഴിലേക്ക് പോയെങ്കിലും വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് ഫഹദിന്റെ നായികയായി ‘ഞാന്‍ പ്രകാശ’നിലും ആസിഫിന്റെ നായികയായി മേരാ നാം ഷാജിയിലും നിഖില അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയിലും നായിക നിഖില ആയിരുന്നു.

ഇപ്പോഴിതാ വീണ്ടും തമിഴിലേക്ക് ചേക്കേറിയിരിക്കുകയാണ് താരം. കാര്‍ത്തിയുടെ നായികയായിട്ടാണ് നിഖിലയുടെ രണ്ടാമത്തെ വരവ്. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജ്യോതികയുടെ സഹോദരന്‍ സൂരജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തിയുടെ സഹോദരിയായി എത്തുന്നത് ജ്യോതികയാണ്. സത്യരാജാണ് ചിത്രത്തില്‍ ഇരുവരുടെയും അച്ഛനായി എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഗോവയില്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ഊട്ടിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ’96’നു ശേഷം ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

Exit mobile version