സിത്താര മാജിക്ക് വീണ്ടും ആവര്‍ത്തിക്കുമോ?; തൊട്ടപ്പനിലെ ആദ്യ ഗാനം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പുറത്തുവിടും

സിത്താരയും തമിഴിലെ ഹിറ്റ് ഗായകന്‍ പ്രദീപ് കുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ വിനായകന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിടും. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിടുന്നത്. തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റിയ ഗായിക സിത്താരയും തമിഴിലെ ഹിറ്റ് ഗായകന്‍ പ്രദീപ് കുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തമിഴിലെ ഹിറ്റ് ഗായകന്‍ പ്രദീപ് കുമാര്‍ ‘തൊട്ടപ്പ’നിലൂടെയാണ് ആദ്യമായി മലയാളത്തില്‍ പാടുന്നത്. 96, കാല, കബാലി, വിക്രം വേദ, മദ്രാസ്, ജിഗര്‍തണ്ട തുടങ്ങി ഒട്ടനേകം ചിത്രങ്ങളിലൂടെ മലയാളി മനസുകള്‍ ഏറ്റുപാടിയ പാട്ടുകള്‍ ആലപിച്ചിത് പ്രദീപ് കുമാര്‍ ആണ്. സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേര്‍ന്ന് ആലപിച്ച ‘പ്രാന്തന്‍ കണ്ടല്‍’ പാട്ടിന്റെ ലിറിക് വീഡിയോ ആണ് വൈകീട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ഔദ്യാഗിക ഫേസ്ബുക് പേജിലൂടെ പുറത്തുവിടുന്നത്. ലീല എം ഗിരീഷ് കുട്ടന്‍ സംഗീതം നിര്‍വഹിച്ച ഗാനത്തിന്റെ രചന അന്‍വര്‍ അലി ആണ്.

സൂപ്പര്‍ ഹിറ്റ് ചിത്രം ‘കിസ്മത്തി’ന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം. ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന പ്രണയവും ആക്ഷനും ഇഴചേര്‍ത്താണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തേ വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഖദ, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുമുള്ള ഒട്ടേറെ പുതുമുഖ നടീനടന്മാരും ‘തൊട്ടപ്പ’നിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നുണ്ട്.ചിത്രം പെരുന്നാളിന് തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version