ജീവയ്ക്ക് എതിരാളിയായി ഗോവിന്ദ് പത്മസൂര്യ; ‘കീ’ മിനി ട്രെയിലര്‍ പുറത്തുവിട്ടു

കമ്പ്യൂട്ടര്‍ ഹാക്കര്‍മാരായ ജീവയ്ക്കും ഗോവിന്ദ് പത്മസൂര്യയ്ക്കുമിടയില്‍ നടക്കുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെ തമിഴ് ചിത്രമായ ‘കീ’യുടെ മിനി ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജീവ നായകനായ ചിത്രത്തില്‍ വില്ലനായാണ് ഗോവിന്ദ് പത്മസൂര്യ എത്തുന്നത്. സയന്‍സ് ഫിക്ഷനാണ് ചിത്രം.

കമ്പ്യൂട്ടര്‍ ഹാക്കര്‍മാരായ ജീവയ്ക്കും ഗോവിന്ദ് പത്മസൂര്യയ്ക്കുമിടയില്‍ നടക്കുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാലീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നിക്കി ഗല്‍റാണിയാണ് നായിക. സെക്സ് എഡ്യുക്കേഷന്‍ ജീവിതത്തില്‍ എത്രത്തോളം അത്യന്താപേക്ഷിതമാണോ അതുപോലെ തന്നെ കമ്പ്യൂട്ടര്‍ എഡ്യുക്കേഷനും അത്യന്താപേക്ഷിതമാണെന്ന സന്ദേശം സമൂഹത്തിനു നല്‍കുന്ന സിനിമയാണ് ‘കീ’ എന്നാണ് സംവിധായകന്‍ കാലിസ് പറയുന്നത്.

സുഹാസിനി, ആര്‍ജെ ബാലാജി, മനോബാല, അനൈകാ ബോട്ടില്‍, പ്രശസ്ത തെലുങ്ക് നടന്‍ രാജേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗ്ലോബല്‍ ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ മൈക്കിള്‍ രായപ്പനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 10 ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version