ദയവ് ചെയ്ത് ഇനിയും ഉപദ്രവിക്കരുത്! ‘ആ വീഡിയോയിലെ പെണ്‍കുട്ടി ഞാനല്ല’ : ആത്മഹത്യയ്ക്ക് ഒരുങ്ങി; കണ്ണീരോടെ എം 80 മൂസ ഫെയിം അഞ്ജു

കൊച്ചി: ‘ആ വീഡിയോയില്‍ കാണുന്ന കുട്ടി ഞാനല്ല.. ദയവ് ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ഞാന്‍’ എം 80 മൂസ സീരിയല്‍ ഫെയിം അഞ്ജുവിന്റെ കണ്ണീരോടെയുള്ള അപേക്ഷയാണിത്. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് അഞ്ജു.
നടി സുരഭി ലക്ഷ്മിക്കൊപ്പം ഫേസ്ബുക്കില്‍ ലൈവില്‍ എത്തിയാണ് അഞ്ജുവിന്റെ അപേക്ഷ.

വീഡിയോയുടെ പേരില്‍ അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി സുരഭി ലക്ഷ്മി വ്യക്തമാക്കി. അമ്മ കണ്ടതുകൊണ്ട് മാത്രമാണ് അവള്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. വളരെ കഷ്ടപ്പെട്ടാണ് അഞ്ജുവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്നും സുരഭി പറയുന്നു. വീഡിയോ പ്രചരിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അഞ്ജു വ്യക്തമാക്കി.

രണ്ട് വര്‍ഷം മുന്‍പാണ് ഇത്തരത്തിലൊരു വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് സുരഭി പറയുന്നു. അന്ന് അത് ഗൗരവത്തില്‍ എടുത്തില്ല. ആ വീഡിയോയില്‍ ഉള്ള പെണ്‍കുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖ സാദൃശ്യം മാത്രമേയുള്ളൂ. അത് അഞ്ജുവല്ലെന്നും സുരഭി പറയുന്നു.

ആ വീഡിയോയുടെ പേരില്‍ താനും കുടുംബവും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അഞ്ജു പറയുന്നു. വീഡിയോ പ്രചരിച്ച സമയത്തു തന്നെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും കാക്കൂര്‍ പോലീസ് സ്റ്റേഷനിലും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങുന്നതല്ലാതെ തനിക്ക് അനുകൂലമായ ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല.

ഇത്തരം ഒരു വീഡിയോ പ്രചരിക്കുന്നതിന്റെ പേരില്‍ പലരും മോശമായാണ് പെരുമാറുന്നത്. ചിലര്‍ ഇത് മനസില്‍ വെച്ച് ‘മോള്‍ക്ക് സുഖമാണോ’ എന്നൊക്കെ ചോദിക്കാറുണ്ട്. ചെയ്ത കാര്യമാണെങ്കില്‍ അംഗീകരിക്കാം. ചെയ്യാത്ത കാര്യത്തിന്റെ പേരിലാകുമ്പോള്‍ അത് വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ഒരാള്‍ക്കും ഇത്തരത്തില്‍ ഒരു അവസ്ഥ വരരുതേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും അഞ്ജു പറയുന്നു.

Exit mobile version