നൂറു ശതമാനം വിജയം തകര്‍ന്നാലോ എന്ന് ഭയന്ന് അന്ന് സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു; ഇന്ന് അതേ സ്‌കൂളില്‍ അതിഥിയായെത്തി; ഇത് സിയാദിന്റെ മധുരപ്രതികാരം!

മുണ്ടക്കയം: അന്ന് സ്‌കൂളില്‍ നിന്നും പഠനത്തില്‍ മോശമായതിന്റെ പേരില്‍ ഇറക്കിവിട്ടപ്പോള്‍ കുഞ്ഞുസിയാദ് ഏറെ വേദനിച്ചിരുന്നു. എന്നാല്‍, കാലങ്ങള്‍ക്കിപ്പുറം അതേ സ്‌കൂളില്‍ അധികൃതരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അതിഥിയായി പുഞ്ചിരിയോടെ തിരിച്ചെത്താനായിരുന്നു ഈ താരത്തിന്റെ നിയോഗം. യുവാക്കള്‍ക്കിടയില്‍ തരംഗമായ അഡാറ് ലവ് സിനിമയിലെ ജോസഫ് മണവാളനായെത്തിയ സിയാദ് എന്ന ഈ കോട്ടയംകാരന്‍ കലയുടെ ശക്തി കൂടിയാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് സിയാദ് പറയുന്നു. ഒപ്പം അന്ന് അപമാനിച്ച് ഇറക്കിവിട്ട സ്‌കൂളില്‍ അതിഥിയായെത്തിയത് മധുരപ്രതികാരം തന്നെയെന്നും.

ടിക് ടോക് വീഡിയോകളിലൂടെയാണ് സിയാദ് സോഷ്യല്‍മീഡിയയ്ക്ക് പരിചിതനായത്. പിന്നീട് ടിവി ഷോയിലേക്കും അതിഥിയായി ക്ഷണിക്കപ്പെട്ടു. ഇങ്ങനെയാണ് ഒമര്‍ ലുലുവിന്റെ അഡാറ് ലവ് എന്ന ചിത്രത്തിലേക്ക് സിയാദ് എത്തിച്ചേരുന്നത്. ഇതിനിടെ, തന്നെ ഏറെ വിഷമിച്ച ആ ദുരനുഭവം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിയാദ് വെളിപ്പെടുത്തുകയാണ്. കോട്ടയത്തെ മുണ്ടക്കയത്തെ പബ്ലിക് സ്‌കൂളിലാണ് സിയാദ് പഠിച്ചിരുന്നത്. പത്താം ക്ലാസിലൊക്കെ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളാണ്. പക്ഷേ, സിയാദിന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല.

അതോടെ ഏഴാം ക്ലാസ് ആയപ്പോള്‍ സ്‌കൂള്‍ മാറണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. താന്‍ വിസമ്മതിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ അയഞ്ഞില്ല. കൂട്ടുകാരെയൊക്കെ പിരിയുന്നത് ഓര്‍ത്തപ്പോള്‍ സഹിക്കാനാകാതെ ഏറെ വിഷമിച്ചെന്ന് സിയാദ് പറയുന്നു.

‘പിന്നീട് തന്റെ മനസ് മനസിലാക്കിയ ഉമ്മ കാല് പിടിച്ചു പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ വഴങ്ങി. പക്ഷേ എട്ടാം ക്ലാസില്‍ നിര്‍ബന്ധപൂര്‍വം തന്നെ പറഞ്ഞു വിട്ടു. അത് താങ്ങാനായില്ല. പുതിയ സ്‌കൂളില്‍ lാന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സിനിമയില്‍ എത്തിയ ശേഷം, ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷത്തിന് തന്നെ അവിടെ അതിഥിയായി ക്ഷണിച്ചു. വലിയ സ്വീകരണമായിരുന്നു കിട്ടിയത് സന്തോഷത്തോടെ സിയാദ് പറയുന്നു.

സംസാരിക്കുന്നതിനിടെ പഴയ അനുഭവം പറയാനും സിയാദ് മറന്നില്ല. അപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു. പരിപാടിക്കു പോകും മുമ്പ്, ‘നീയിത് അവിടെ പറയണം’ എന്ന് ചേട്ടനും പറഞ്ഞിരുന്നെന്ന് സിയാദ് വെളിപ്പെടുത്തുന്നു.

Exit mobile version