‘ചാക്കോ മാഷ് തോമാച്ചന് മുമ്പില്‍ തോറ്റു, മകന്റെ മുന്നില്‍ തോമാച്ചായന്‍ തോല്‍ക്കാതിരിക്കട്ടെ’; ഭദ്രനെ വെല്ലുവിളിച്ച് ബിജു

ഇതിനു പിന്നാലെ ആണ് സംവിധായകന്‍ ഭദ്രനെ വെല്ലുവിളിച്ച് ബിജു കട്ടയ്ക്കല്‍ രംഗത്തെത്തിയിരിക്കുന്നത്

മലയാളികള്‍ ഉള്ളടത്തോളം കാലം നിലനില്‍ക്കുന്ന ചിത്രമാണ് 1995 ല്‍ ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘സ്ഫടികം’. ചിത്രത്തിലെ കഥാപാത്രങ്ങളായ ആടുതോമയും ചാക്കോ മാഷും തുളസിയുമൊക്കെ ഇന്നും പ്രേക്ഷക ഹൃദയത്തില്‍ മായാതെ നില്‍ക്കുന്നവയാണ്. മാര്‍ച്ച് 30 നായിരുന്നു ചിത്രത്തിന്റെ 24 ാം വാര്‍ഷികം ആഘോഷിച്ചത്. അന്നേ ദിവസം ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ സംവിധായകന്‍ ബിജു കെ കട്ടയ്ക്കല്‍ ‘സ്ഫടികം 2 ഇരുമ്പന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ഭദ്രന്റേയും ആരാധകരുടെയും എതിര്‍പ്പ് വകവയ്ക്കാതെ ആണ് ബിജു ചിത്രവുമായി മുന്നോട്ട് പോയത്.

കഴിഞ്ഞ ദിവസം സംവിധായകന്‍ ഭദ്രന്‍ അടുത്ത വര്‍ഷം ചിത്രം 25 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്ഫടികം വീണ്ടും തീയ്യേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തവണ 4 കെ ശബ്ദ ദൃശ്യ മികവോടെയാണ് ചിത്രമെത്തുന്നത്. ഇതിനു പിന്നാലെ ആണ് സംവിധായകന്‍ ഭദ്രനെ വെല്ലുവിളിച്ച് ബിജു കട്ടയ്ക്കല്‍ രംഗത്തെത്തിയിരിക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച് 30 ന് ചിത്രത്തിന്റെ 25ാം വാര്‍ഷികത്തില്‍ ‘സ്ഫടികം 2 ഇരുമ്പന്‍’ റിലീസ് ചെയ്യുമെന്നാണ് ബിജു അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ബിജു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതൊരു മത്സരം ആയി കാണുന്നുവെന്നും ചാക്കോ മാഷ് തോമായ്ക്കു മുന്നില്‍ തോറ്റത് പോലെ തോമച്ചായന്‍ മകന്റെ മുമ്പില്‍ തോല്‍ക്കാതിരിക്കട്ടെ എന്നാണ് ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. അതേ സമയം സംവിധായകന്റെ ഈ പോസ്റ്റിന് താഴെ ആരാധകരുടെ പൊങ്കാലയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

2020 മാര്‍ച്ച് 30 മലയാള സിനിമയിലെ, ഒരു പുതിയ നാഴികകല്ലാകും, തോമാച്ചായന്‍ അവതരിച്ച 24വര്‍ഷം പൂര്‍ത്തിയായ അന്നേ ദിവസം, എന്റെ സിനിമ സ്ഫടികം 2 ഇരുമ്പന്‍, ടീസര്‍ പുറത്തു വിട്ടിരുന്നു, അതിന് ശേഷം സ്ഫടികം സിനിമയുടെ സംവിധയകന്‍, ഇരുപത്തിയഞ്ചാം വര്‍ഷം ആ സിനിമ റീ റിലീസ് ചെയ്യുമെന്നു അറിയിച്ചിരിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്, കാരണം അന്നേ ദിവസം തന്നെയാണ്, സ്ഫടികം 2 ഇരുമ്പന്‍ റിലീസ് ചെയുന്നത്, ഇത് ഒരു മത്സരം ആയി കാണുന്നു, സ്ഫടികവും, സ്ഫടികം 2 ഇരുമ്പനും തമ്മിലുള്ള മത്സരം, തോമാച്ചായനും, തോമാച്ചായന്റെ മകന്‍ ഇരുമ്പന്‍ സണ്ണിയും ആയുള്ള മത്സരം,വിവാദങ്ങള്‍ അവസാനിക്കുകയോ, അവസാനിക്കാതിരിക്കുവോ ചെയ്യട്ടെ. ചാക്കോ മാഷ്, തോമായ്ക്കു മുന്നില്‍ തോറ്റു, പക്ഷെ ഈ മത്സരത്തില്‍ തോമാച്ചായന്റെ മകന്റെ മുന്നില്‍ തോമാച്ചായന്‍ തോല്‍ക്കാതിരിക്കട്ടെ…

Exit mobile version