‘മൂന്നു മാസത്തെ സമയം, ഏതെങ്കിലും സിനിമയില്‍ ചാന്‍സ് നേടുക, അല്ലെങ്കില്‍ തിരിച്ചെത്തുക’; ഡെഡ്‌ലൈന്‍ നല്‍കി അമ്മ; ഒടുവില്‍ സംസ്ഥാന അവാര്‍ഡുമായി വീട്ടിലേക്ക് തിരിച്ചെത്തി നിമിഷ!

കനത്ത പോരാട്ടമായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായികാഴ്ചവെയ്ക്കപ്പെട്ടത്. മികച്ച നടനുവേണ്ടിയുള്ള പുരസ്‌കാരത്തിനായി കടുത്തമത്സരം നടത്തി ഒടുവില്‍ സൗബിന്‍ ഷാഹിറും ജയസൂര്യയും പുരസ്‌കാരം പങ്കിട്ടു.
നായികയാവാനായുള്ള മത്സരത്തിനും കടുപ്പം കുറവായിരുന്നില്ല. മഞ്ജു വാര്യര്‍, ഉര്‍വശി തുടങ്ങിയ മുതിര്‍ന്ന താരങ്ങളുമായി ഏറ്റുമുട്ടിയാണ് മുംബൈ മലയാളിയായ നിമിഷ സജയന്‍ മികച്ചനടിയായത്.

ബോളിവുഡ് സിനിമയുടെ ഗ്ലാമര്‍ ലോകത്തേക്ക് പോകാന്‍ അവസരമേറെ ഉണ്ടായിട്ടും അഭിനയ സാധ്യതയുള്ള മലയാള സിനിമാലോകത്തോടായിരുന്നു നിമിഷയ്ക്ക് പ്രിയം. അഭിനയ സാധ്യത തേടിയാണ് കൊച്ചിയിലെ നിയോ സ്‌കൂളില്‍ നിമിഷ എത്തുന്നത്. വീട്ടില്‍ പഠനത്തിനാണ് മുന്‍തൂക്കം നല്‍കിയിരുന്നതെന്നും അതുകൊണ്ട് തന്നെ സിനിമ വലിയ താല്‍പര്യമുള്ള വിഷയമായിരുന്നില്ലെന്നും പുരസ്‌കാരലബ്ധിക്ക് പിന്നാലെ താരം പറയുന്നു. അതുകൊണ്ട് തന്നെ അത്രയുംപെട്ടെന്ന് ഒരു സിനിമയില്‍ മുഖം കാണിക്കുകയെന്നതായിരുന്നു നിമിഷയുടെ ലക്ഷ്യം. നിയോ സ്‌കൂളിലെ മൂന്നുമാസത്തെ കാലയളവില്‍ കിട്ടുന്ന ഓഡീഷനിലൊക്കെ പങ്കെടുക്കുക എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റുകയായിരുന്നു എന്നതായിരുന്നു ലക്ഷ്യം.

അവസരങ്ങള്‍ കണ്ടെത്താന്‍ മൂന്ന് മാസമാണ് അമ്മ തനിക്കായി അനുവദിച്ചത്. അതിനുള്ളില്‍ ചാന്‍സൊന്നും ലഭിച്ചില്ലെങ്കില്‍ തിരിച്ചു മുംബൈയിലേക്ക് പോരണമെന്നായിരുന്നു നിര്‍ദേശം.

ഒടുവില്‍ മൂന്ന് ഓഡീഷന്‍ ടെസ്റ്റുകളിലൂടെ കടന്ന് തൊണ്ടി മുതലും ദൃക്‌സാക്ഷിയും ചിത്രത്തിലേക്ക് കടന്നെത്തിയ നിമിഷ പിന്നീട് തൊട്ടതെല്ലാം പൊന്നാക്കി. ഇപ്പോഴിതാ ചോലയിലെയും കുപ്രസിദ്ധ പയ്യനിലേയും മികച്ച പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് ഈ കാലയളവില്‍ നിമിഷ ചെയ്തത്. വേണ്ടായിരുന്നു എന്ന് തോന്നിയ കഥാപാത്രങ്ങള്‍ ഒന്നുപോലും ഇല്ലേയില്ല.

തന്റെ ആദ്യത്തെ ഒഡീഷന് ലുക്ക് സിനിമയ്ക്ക് ഒക്കെയാണെന്ന് പറഞ്ഞു. എന്നാല്‍ അന്ന് തന്റെ മലയാളം ഉച്ഛാരണത്തിന് മുംബൈ ടച്ച് ഉണ്ടായിരുന്നു. അതിനാല്‍ ദിലീഷ് പോത്തേട്ടന്‍ ആശയക്കുഴപ്പത്തിലായിരുന്നു. പിന്നീട് രണ്ട് ഓഡീഷന്‍ കൂടി കഴിഞ്ഞ ശേഷമാണ് തെരഞ്ഞെടുത്തതെന്ന് നിമിഷ പറയുന്നു.

Exit mobile version