ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ്; പരസ്യ ചിത്രത്തിന്റെ ചിത്രീകരണം 28 ന് ചാലക്കുടിയില്‍

ജഗതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തിരിച്ചു വരവ്

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന പരസ്യ ചിത്രത്തിന്റെ ചിത്രീകരണം 28 ന് ചാലക്കുടിയില്‍ നടക്കും. മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്’ ചിത്രീകരിക്കുന്ന പരസ്യത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്.

27 ന് വൈകിട്ട് സില്‍വര്‍സ്റ്റോമില്‍ പരസ്യചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടക്കും. 28 ന് ചാലക്കുടിയില്‍ ചിത്രീകരിക്കുന്ന പരസ്യം മാര്‍ച്ച് 30 ആകുമ്പോള്‍ ടിവിയിലും തീയ്യേറ്ററുകളിലും കാണിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്.

ജഗതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തിരിച്ചു വരവ്. പഴയകാല ജീവിത രീതിയിലൂടെയുള്ള സഞ്ചാരവും സുഹൃത്തുക്കളുമായുള്ള ഇടപഴകലുമെല്ലാം അദ്ദേഹത്തിന്റെ അവസ്ഥയ്ക്ക് കാര്യമായ പുരോഗതിയുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്ന ജഗതിയെ വീണ്ടും മേക്കപ്പ് ചെയ്ത് ക്യാമറയ്ക്കു മുന്നിലേക്ക് എത്തിക്കുന്നത് പട്ടണം ഷാ ആണ്. സന്തോഷ് ശിവന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച് തമിഴില്‍ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ അരവിന്ദ് സിങ് ആണ് ക്യാമറാമാന്‍. ജാസി ഗിഫ്റ്റാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Exit mobile version