‘വാഴക്ക വെള്ളരിക്ക കത്തിരിക്ക കൂട്ട്’; തകര്‍പ്പന്‍ ഗാനവുമായി ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’

പാസഞ്ചര്‍ എന്ന് ചിത്രത്തിനു ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'കോടതിസമക്ഷം ബാലന്‍ വക്കീല്‍'

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കോടതിസമക്ഷം ബാലന്‍ വക്കീലി’ലെ കിടിലന്‍ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘വാഴക്ക വെള്ളരിക്ക കത്തിരിക്ക കൂട്ട്’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പ്രണവം ശശിയും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ദിലീപ്, അജു വര്‍ഗീസ്, ഭീമന്‍ രഘു, കോട്ടയം പ്രദീപ് എന്നിവരാണ് ഗാനരംഗത്തുള്ളത്.

പാസഞ്ചര്‍ എന്ന് ചിത്രത്തിനു ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’. വിക്കുള്ള വക്കീലായി ദിലീപ് എത്തുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍.

പ്രശസ്ത ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്ചേര്‍സിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിദ്ധിഖ്, ബിന്ദു പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫെബ്രുവരി 21ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version