‘ഞങ്ങള്‍ കൂവി തോല്‍പ്പിക്കും, പടം ഇറക്ക് കാണിച്ചു തരാം’; എവിടെ നോക്കിയാലും ഡീഗ്രേഡിംഗ് മാത്രം; തുടക്കകാരനായ താന്‍ സിനിമ വിജയിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് ഒമര്‍ ലുലു

ഒരു അഡാര്‍ ലവ് കണ്ണിറുക്കല്‍ സീന്‍ കൊണ്ടുതന്നെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പുറത്തിറക്കിയ കിസിങ് സീന്‍ ഉള്‍പ്പെടുത്തിയുള്ള ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തനിക്കും ചിത്രത്തിനുമെതിരെ നടക്കുന്നത് മനഃപൂര്‍വ്വമായ ഡീഗ്രേഡിങാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. തുടക്കക്കാരനായ താന്‍ ഏറെ പരിശ്രമിക്കുന്നുണ്ടെന്നും ഡീഗ്രേഡിങ് ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്നുമാണ് സംവിധായകന്‍ പറയുന്നത്.

ഒമര്‍ ലുലുവിന്റെ വാക്കുകളിലേയ്ക്ക്:

പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ മൂന്നാമത്തെ ചിത്രം ‘ഒരു അഡാറ് ലവ്’ ഫെബ്രുവരി 14നു തിയറ്ററില്‍ എത്തുകയാണ്. ഈ ചെറിയ ചിത്രത്തിന് ഇത്രയും വലിയ രീതിയില്‍ ജനപ്രീതി നേടി തന്നതിനു നിങ്ങളോരോരുത്തരോടും നന്ദി പറയുന്നു.

അതേസമയം ഒരു വലിയ വിഭാഗം ആളുകള്‍ ചിത്രത്തെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏതു പ്രൊമോഷന്‍ പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ ‘ഈ പടം പൊട്ടും’ ‘ഞങ്ങള്‍ കൂവി തോല്‍പ്പിക്കും’ ‘പടം ഇറക്ക് കാണിച്ചു തരാം’ തുടങ്ങിയ കമന്റുകള്‍ ആണ്.

വലിയ താരങ്ങള്‍ ഇല്ലാതെ പടം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു തുടക്കക്കാരന്‍ ആണ് ഞാന്‍, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്. പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബജറ്റില്‍ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്.

ഇങ്ങനെ ഒരു നേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. എന്നാല്‍ ഈ കാര്യം പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടാല്‍ പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളും ആണ്.

തെലുങ്കിലെയും കന്നഡയിലെയും ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുമ്പോള്‍ നമ്മള്‍ മലയാളികള്‍ അവര്‍ക്ക് കൊടുക്കുന്ന പിന്തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രത്തിന് കിട്ടാതെ പോകുന്നത് തികച്ചും വേദനാജനകമാണ്.

സിനിമ ഇറങ്ങുന്നതിനു മുന്നേ ദയവു ചെയ്ത അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപെടുകയാണെങ്കില്‍ ഒരു മടിയും ഇല്ലാതെ ഇതിനെ സപ്പോര്‍ട്ട് ചെയ്ത് വിജയിപ്പിക്കണം , എങ്കില്‍ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ക്കും , സംവിധായകര്‍ക്കും ഒരു പ്രചോദനമാകും അത്. എല്ലാവരും മനസ്സറിഞ്ഞു കൂടെ നില്‍ക്കും എന്ന പ്രതീക്ഷയോടെ , ഒമര്‍ ലുലു.

Exit mobile version