‘അമുദനെ ഇഷ്ടപ്പെടാന്‍ കാരണം അയാള്‍ ‘നെയ്പ്പായസ’ത്തിലെ ഭര്‍ത്താവിനെപ്പോലെയല്ല എന്നത് കൊണ്ടാണ്’, പേരന്‍പിന് നിരൂപണവുമായി ദീപാനിശാന്ത്; ഒപ്പം ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയും

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം ‘പേരന്‍പി’ന് ഏറെ പ്രശംസകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം കണ്ട നിരവധി താരങ്ങളും സംവിധായകരും ഇതിനകം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ചിത്രത്തിന് നിരൂപണവുമായി എത്തിയിരിക്കുകയാണ് അധ്യാപികയായ ദീപനിശാന്ത്. ദീപ ചിത്രത്തിന്റെ കുറിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ അമുദനെ ഇഷ്ടപ്പെടാന്‍ കാരണം അയാള്‍ ‘നെയ്പ്പായസ’ത്തിലെ ഭര്‍ത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണെന്നാണ് ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പേരന്‍പ് പലരെയും ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ദീപ തന്റെ പോസ്റ്റില്‍ കുറിച്ചു. അതേ സമയം ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടിയും നല്‍കിയിട്ടുണ്ട് ദീപ. നിരൂപണം സ്വന്തം വാചകങ്ങള്‍ തന്നെയാണോ എന്ന് ചോദിച്ചയാള്‍ക്ക് മറുപടിയുമായി ഇത് എന്റെ വാക്കുകളാണെന്ന് വിശ്വസിക്കരുതെന്നും ഇതെല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണെന്നുമാണ് ദീപ നിശാന്ത് മറുപടി നല്‍കിയത്.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അമുദവനെ ഇഷ്ടപ്പെടാന്‍ കാരണം അയാള്‍ ‘നെയ്പ്പായസ ‘ത്തിലെ ഭര്‍ത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാള്‍ ശപിക്കുന്നില്ല. അവള്‍ തനിച്ചുതാണ്ടിയ കനല്‍ദൂരങ്ങളോര്‍ത്ത് അയാള്‍ക്ക് പശ്ചാത്താപമുണ്ട്.രാവിലെ കുട്ടികളെ ഉണര്‍ത്തുന്നതു മുതല്‍ രാത്രിയില്‍ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങള്‍ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേല്‍ ലാഘവത്തോടെ നാമതിനെ അവഗണിക്കും.

പേരന്‍പ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തില്‍ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം.പക്ഷേ അതിനിടയില്‍ പലതും പറയാതെ പറയുന്നുണ്ട്.

പേരന്‍പ് പലരെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം!

മുറിച്ചുകടക്കാനാകാത്ത സങ്കടനദികളില്‍പ്പെട്ടുഴലുന്ന എത്രയോ പേര്‍!

എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാല്‍ കുരുങ്ങിക്കിടപ്പവര്‍ …

സ്വന്തം കുഞ്ഞ് തങ്ങള്‍ക്കു മുന്‍പേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാര്‍ത്ഥനകളില്‍ അഭയം തേടുന്നവര്‍..

ഗ്രീക്ക് മിത്തോളജിയിലെ മഹാവ്യസനങ്ങളുടെ നദിയായ ‘അക്കറോണ്‍ ‘ നദിക്കരയില്‍ പകച്ചു നില്‍ക്കുന്ന കുറേപ്പേരെ ഞാന്‍ ഓര്‍ത്തെടുക്കുന്നു..

അവരെപ്പറ്റി എഴുതാനാവാത്തവിധം സങ്കടഗര്‍ത്തങ്ങളില്‍ വീണു പിടയുന്നു!

Exit mobile version