ആഷിഖ് അബു ചിത്രം ‘വൈറസി’ല്‍ ചാക്കോച്ചനും; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പതിനേഴ് ജീവനുകള്‍ കവര്‍ന്ന നിപ്പാ വൈറസിനെ പ്രമേയമാക്കി മലയാളത്തില്‍ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്

കേരളത്തിനെ പിടിച്ചു കുലുക്കിയ നിപ്പാ വൈറസിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസില്‍ കുഞ്ചാക്കോ ബോബനും എത്തുന്നു. താരം തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ഒരു ഡോക്ടറുടെ വേഷത്തിലാണ് താരമെത്തുന്നത്. ഡോ സുരേഷ് രാജന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ജനുവരി ഏഴാം തീയ്യതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. റിമ കല്ലിങ്കലാണ് സിസ്റ്റര്‍ ലിനിയായി എത്തുന്നത്. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ വേഷത്തിലെത്തുന്നത് നടി രേവതിയാണ്. കളക്ടര്‍ യുവി ജോസായി എത്തുന്നത് ടോവീനോ തോമസ് ആണ്. നിപ്പാ പനിക്കു കടിഞ്ഞാണിടുന്ന സംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ റോളില്‍ ഇന്ദ്രജിത്തും എത്തുന്നുണ്ട്. പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പതിനേഴ് ജീവനുകള്‍ കവര്‍ന്ന നിപ്പാ വൈറസിനെ പ്രമേയമാക്കി മലയാളത്തില്‍ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്. രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒപിഎം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയിട്ടാവും തീയ്യേറ്ററുകളിലെത്തുക.

Exit mobile version