അയ്യോ പേടിക്കേണ്ട.. ഗുണ്ടയൊന്നുമല്ല, ദിവസ വേതനത്തിന് വേണ്ടി ജോലിയെടുക്കുന്ന ബോഡിഗാര്‍ഡ്..! മമ്മൂട്ടി മുതല്‍ സണ്ണി ലിയോണ്‍ വരെ ഈ കരങ്ങളില്‍ സുരക്ഷിതര്‍

കൊല്ലം ഗിരിയെ അറിയാമോ.. സാധാരണക്കാര്‍ക്ക് ഈ പേര് അത്ര പിടികിട്ടില്ല. എന്നാല്‍ ‘ജികെ’ ഗ്രൂപ്പിനെ കുറിച്ച് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസിലാകും.. സിനിമാ ലോകത്ത് ഗിരിയും പിള്ളേരും അറിയപ്പെടുന്നത് അങ്ങനെയാണ്. ഒരു സിനിമ ചിത്രീകരിക്കണമെങ്കിലും സ്റ്റേജ് ഷോ നടത്തണമെങ്കിലും എന്തിന് ബാഹുബലിയും സണ്ണി ലിയോണുമൊക്കെ കേരളത്തില്‍ വന്നാല്‍ പോലും സുരക്ഷയൊരുക്കാന്‍ ഗിരിയും കൂട്ടരും അത്യാവശ്യമാണ്.. ജികെ ഗ്രൂപ്പില്‍ അത്രയധികം വിശ്വാസമാണ് സൂപ്പര്‍ താരങ്ങളടക്കം മലയാള സിനിമയ്ക്ക്. കാരണം, ഏറ്റ ജോലി പാളിച്ചകളില്ലാതെ ഗിരി പൂര്‍ത്തിയാക്കുമെന്ന് അവര്‍ക്കറിയാം.

താര പ്രഭാവത്തിന് പുറത്താണ് ബോഡി ഗാര്‍ഡുകള്‍ അഥവാ സെക്യൂരിറ്റി ടീമിന്റെ സ്ഥാനം. പക്ഷേ, താരങ്ങള്‍ക്കും പ്രമുഖര്‍ക്കും ചുറ്റും സുരക്ഷയുടെ മതിലൊരുക്കിയും പൊതുസ്ഥലങ്ങളില്‍ സുഗമമായ ചിത്രീകരണത്തിന് കോട്ട പണിതും സ്വന്തം ജീവന്‍ പോലും പണയം വച്ച് പണിയെടുക്കുന്നവരാണിവര്‍. അക്കൂട്ടത്തില്‍ വിശ്വസ്തതയുടെ പൊന്‍കിരീടമണിഞ്ഞാണ് ഗിരിയുടെയും ജികെയുടെയും പ്രവര്‍ത്തനം.

സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡി ഗാര്‍ഡ്’ എന്ന സിനിമയുമായി ചെറിയ ബന്ധമുണ്ട് കൊല്ലം കരിക്കോടുകാരനായ ഗിരിയുടെ ജീവിതത്തിന്. ചിത്രത്തിലെ നായകനെപ്പോലെ ബോഡി ഗാര്‍ഡുമാരോടുള്ള ആരാധനയാണ് ഗിരിയെയും ഈ മേഖലയിലെത്തിച്ചത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നിഴലു പോലെ നടക്കുന്ന, പ്രത്യേക വേഷവിധാനങ്ങളുള്ള ബോഡി ഗാര്‍ഡ്‌സിനെ കണ്ടപ്പോള്‍, ഒരു ബോഡി ഗാര്‍ഡായാല്‍ കൊള്ളാമെന്ന് ഗിരിക്കും തോന്നി. ഇത്തിരി ബോഡി ബിള്‍ഡിങ്ങും കൂടിയായപ്പോള്‍ എന്നാല്‍ പിന്നെ ഒരു കൈ നോക്കിയാക്കാമെന്നു കരുതി.

”കോളേജില്‍ പഠിക്കുന്ന കാലത്താണ് തുടക്കം. ഒരു പരിപാടിക്ക്, വിളിച്ച സെക്യൂരിറ്റി ടീം വരാതിരുന്നപ്പോള്‍ അവര്‍ ഞങ്ങളോട് നില്‍ക്കാമോയെന്നു ചോദിച്ചു. ഞാനും കൂട്ടുകാരും കൂടി കറുത്ത ടി ഷര്‍ട്ടും നീല ജീന്‍സുമൊക്കെ വാങ്ങിയിട്ട് നേരെ അവിടെ പോയി നിന്നു. അതു വെറുതെയായില്ല. തുടര്‍ന്ന് ധാരാളം വര്‍ക്കുകള്‍ കിട്ടി. അങ്ങനെയാണ് ജികെ (ഗിരി കൊല്ലം) ഗ്രൂപ്പിന്റെ തുടക്കം. വീട്ടില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. നശിച്ചു പോകുമോ എന്നായിരുന്നു പേടി. എന്നെ പഠിപ്പിക്കണമെന്നായിരുന്നു അവര്‍ക്ക്. ഈ മേഖലയിലേക്കു വന്നതോടെ പഠനം മുടങ്ങി.

എന്നാല്‍ നാട്ടില്‍ ഈ പണിപറ്റില്ലെന്ന് ആയപ്പോള്‍ ബാംഗ്ലൂരിലേക്കു പോയി. അവിടെ വാട്ടര്‍ ലൈന്‍ വെള്‍ഡിങ്ങിന്റെ ജോലി തുടങ്ങി. ഇടയ്ക്ക് നാട്ടില്‍ വന്നപ്പോഴാണ് ഒരു സുഹൃത്ത് വഴി മറ്റൊരു സെക്യൂരിറ്റി ടീമിനൊപ്പം ‘മാടമ്പി’ എന്ന സിനിമയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചത്. എന്നാല്‍ അത് ജീവിതത്തിലെ വഴിത്തിരിവായി. കുറച്ചു സിനിമകളില്‍ കൂടി അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ സ്വന്തം ടീമിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. അങ്ങനെയാണ് ജികെ ഗ്രൂപ്പ് വീണ്ടും തുടങ്ങി.

പലപ്പോഴും ജീവന്‍ പണയപ്പെടുത്തിയാണ് ജോലി ചെയ്യുക. വലിയ ക്രൗഡിനെയൊക്കെ നിയന്ത്രിക്കേണ്ടി വരുമ്പോള്‍ ആ റിസ്‌ക് ഇരട്ടിയാണ്. പരമാവധി എല്ലാവരോടും സൗമ്യമായി മാത്രമേ പെരുമാറൂ. വലിയ കുഴപ്പങ്ങളൊന്നുമുണ്ടാകാതെ ശ്രദ്ധിക്കും. എങ്കിലും നാട്ടുകാരുടെ തെറി കേള്‍ക്കും. റോഡിലൊക്കെ ചിത്രീകരണം നടക്കുമ്പോള്‍ വണ്ടി യിടിപ്പിക്കാനൊക്കെ നോക്കിയ വിരുതന്‍മാരുണ്ട്.

സണ്ണിയുടെ ലേഡി ഫാന്‍സ്

കഴിഞ്ഞ ദിവസം, ‘മധുരരാജ’യില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ വന്നപ്പോഴും എയര്‍പോര്‍ട്ട് മുതല്‍ ഞങ്ങളാണ് സുരക്ഷയൊരുക്കിയത്. സണ്ണി വന്നിറങ്ങിയതും വലിയ ക്രൗഡായി ചുറ്റും. അവര്‍ക്കിത്രയും ലേഡി ഫാന്‍സുണ്ടെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. അതേ പോലെ അല്ലു അര്‍ജുന്‍ ആലപ്പുഴയില്‍ വന്നപ്പോഴും സൂര്യ തിരുവനന്തപുരത്തെത്തിയപ്പോഴും ബാഹുബലി കേരളത്തില്‍ ചിത്രീകരിച്ചപ്പോഴും ഞങ്ങളായിരുന്നു ഒപ്പം. പുലിമുരുകന്‍, എബ്രഹാമിന്റെ സന്തതികള്‍, ജില്ല, ഒപ്പം തുടങ്ങി വലിയ സിനിമകളുടെ ഭാഗമാകാനായത് ഭാഗ്യം. ഇത്ര കാലത്തെ അനുഭവം വച്ച്, മമ്മൂക്ക ചൂടനാണെന്ന് പലരും വെറുതെ പറയുന്നതാണ്. അദ്ദേഹം ഒരു പച്ച മനുഷ്യനാണ്. ലാലേട്ടനും അതുപോലെ തന്നെ വളരെ സിംപിളാണ്.

ജീവിതം ഇപ്പോഴും നിരങ്ങി നീങ്ങുന്നു…

സ്വന്തമായി ഒരു വീടില്ല ഗിരിയ്ക്ക്. വാടകവീട്ടിലാണ് ഇപ്പോഴും താമസം. പക്ഷേ അതിലൊന്നും അദ്ദേഹത്തിന് വിഷമമില്ല. എല്ലാം തന്ന ദൈവം അതും തരും. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാറുണ്ട്. വൃദ്ധ സദനങ്ങളിലും തെരുവിലുള്ളവര്‍ക്കുമൊക്കെ ഭക്ഷണമെത്തിക്കും. അതിനു വേണ്ടി ഇതു വരെ പത്തു രൂപ പോലും പിരിച്ചിച്ചില്ല.

വ്യാജന്മാര്‍ വിലസുന്നു…

ഇപ്പോള്‍ ഈ മേഖലയില്‍ ലൈസന്‍സില്ലാത്ത ഒരുപാടു ടീമുകള്‍ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്. റേറ്റ് കുറച്ച് പണി പിടിക്കും. പക്ഷേ സുരക്ഷ കമ്മിയാണ്. പാതിരാവിലെപ്പോഴെങ്കിലുമാകാം ചിലപ്പോള്‍ വിളി വരുക: ”ഗിരീ, നാളെ ലൊക്കെഷനില്‍ 10 പേര്‍ വേണം”. പിറ്റേന്നു രാവിലെ ലൊക്കേഷനില്‍ ജികെയുടെ കുട്ടികള്‍ കാവലുണ്ടാകും…

Exit mobile version