ആദ്യത്തെ ബോളിവുഡ് ചിത്രമാണ്; ടീസര്‍ കാണണം; പിന്തുണയ്ക്കണം; ഡിസ്‌ലൈക്ക് ക്യാംപെയിനിടയിലും ആരാധകരോട് പ്രിയവാര്യര്‍

മലയാളി താരം പ്രിയാ വാര്യര്‍ക്കെതിരെ മലയാളികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരൊറ്റ കണ്ണിറുക്കലിലൂടെ താരമാവുകയും, ബോളിവുഡ് വരെ നടന്നു കയറുകയും ചെയ്ത മലയാളി താരം പ്രിയാ വാര്യര്‍ക്കെതിരെ മലയാളികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ ആദ്യബോളിവുഡ് ചിത്രമായ മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിന്റെ ടീസറിന് ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 6000 ലൈക്കുകള്‍ മാത്രം ലഭിച്ച ടീസറിന് 24,000ലേറെ ഡിസ്‌ലൈക്കുകളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.

അതേസമയം, താരത്തിന് ആരാധകരോട് പറയാനുള്ളത് ടീസര്‍ കാണണമെന്നും പ്രോത്സാഹിപ്പിക്കണം എന്നുമാണ്. ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താനെന്ന് താരം പറയുന്നു. അതിനാല്‍ തന്നെ, അതിന്റേതായ പരിഭ്രമമുമുണ്ടെന്നും.

താന്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തെ കുറിച്ച് പ്രിയയ്ക്ക് പറയാനുള്ളത് ഇങ്ങനെ, ‘ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്. ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാന്‍ ഈ സിനിമ തെരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്.’

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്‍വീര്‍ സിംഗിനൊപ്പമുള്ള ചിത്രത്തെക്കുറിച്ചു പ്രിയ പറയുന്നതിങ്ങനെ: ‘ഉറിയുടെ സ്പെഷ്യല്‍ സ്‌ക്രീനിംഗിന് ക്ഷണമുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ രണ്‍വീര്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ആ ‘കണ്ണടയ്ക്കല്‍’ അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. പിന്നീട് ഫോട്ടോ എടുത്തു’. രണ്‍വീര്‍ സിംഗും ദീപിക പദുകോണുമാണ് ബോളിവുഡിലെ പ്രിയപ്പെട്ടവരെന്നും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രിയ പറയുന്നു.

Exit mobile version