കാന്താര സിനിമ ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിക്കും; ഋഷഭ് ഷെട്ടി ജനീവയിലെത്തി

കന്നഡ ചിത്രം കാന്താര ഇന്ത്യൻ ബോക്‌സ്ഓഫീസുകളിൽ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. കലാമൂല്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ചിത്രത്തിന് ഒട്ടേറെ പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

ഐക്യരാഷ്ട്രസഭയിൽ മാർച്ച് 17ന് ചിത്രം പ്രദർശിപ്പിക്കുകയാണ്. ജനീവയിലെ യുഎൻ ്സ്ഥാനത്താണ് കാന്താര പ്രദർശിപ്പിക്കുക. പാഥെ ബാലെക്‌സെർട്ട് തിയേറ്ററിലെ ഹാൾ നമ്പർ 13 ലാണ് പ്രദർശനം.

പരിസ്ഥിതി, കാലാവസ്ഥ, സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുന്നതിൽ ഇന്ത്യൻ സിനിമയുടെ പങ്കിനെ കുറിച്ച് ഋഷഭ് ഐക്യരാഷ്ട്രസഭയിൽ സംസാരിക്കും. സെന്റർ ഫോർ ഗ്ലോബൽ അഫയേഴ്സ് ആൻഡ് പബ്ലിക് പോളിസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

2022 സെപ്തംബർ 30-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. കന്നഡയിൽ ചിത്രീകരിച്ച കാന്താര പിന്നീട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറി. കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രത്തിന്റെ സംവിധാനവും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതും ഋഷഭ് ഷെട്ടിയായിരുന്നു.

സപ്തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

Exit mobile version