റിഹാനയെ പോലും തള്ളി ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ആര്‍ആര്‍ആര്‍; മികച്ച ഒറിജിനല്‍ ഗാനം കീരവാണിയുടെ ‘നാട്ടു നാട്ടു’; അഭിനന്ദിച്ച് പ്രധാനമന്ത്രി

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടി ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു, നാട്ടു’ ഗാനം. രാജമൗലി ചിത്രത്തില്‍ എം എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച ഗാനമാണ് നാട്ടു നാട്ടു. എആര്‍ റഹ്‌മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് കീരവാണി. ഗോള്‍ഡന്‍ ഗ്ലോബ് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

റിഹാന, ലേഡിഗാഗ , ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പം കടുത്ത മത്സരം നടത്തിയാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. എആര്‍ റഹ്‌മാന്‍ പുരസ്‌കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്.

ഇതിനിടെ ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും എആര്‍ റഹ്‌മാനും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്.

വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുല്‍സിപ്ലിഗുഞ്ച് എന്നിവരെയും അഭിനന്ദിക്കുന്നു. രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എല്ലാ ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിക്കുന്നു. ഈ അഭിമാനകരമായ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു – പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.

‘അവിശ്വസനീയമായ ഒരു മാറ്റമാണ് ഇത്. എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയും കീരവാണിക്കും, എസ്എസ് രാജമൗലിക്കും ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങള്‍.’- എന്നാണ് എആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തത്.

Exit mobile version