സേതുരാമയ്യര്‍ വീണ്ടും വരുന്നു; എസ്എന്‍ സ്വാമിയുമായി ചേര്‍ന്നു തന്നെയാണ് ചിത്രമൊരുക്കുകയെന്ന് മധു

ജാഗ്രത, സേതുരാമയ്യര്‍ സിബിഐ നേരറിയാന്‍ സി.ബി.ഐ എന്നിവ എക്കാലത്തെയും ഹിറ്റുകളായിരുന്നു

സേതുരാമയ്യര്‍ സിബിഐ വീണ്ടും കേസന്വേഷണത്തിനായി എത്തുന്നു. എസ് എന്‍ സ്വാമിയുടെ രചനയില്‍ ആദ്യമായി പിറവിയെടുത്ത കഥാപാത്രം സ്‌ക്രീനിലെത്തിയത് 1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം മൂന്ന് തവണയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ നേരറിയാന്‍ സി.ബി.ഐ എന്നിവ എക്കാലത്തെയും ഹിറ്റുകളായിരുന്നു.

2005ലായിരുന്നു ചിത്രത്തിന്റെ നാലാംഭാഗമായ നേരറിയാന്‍ സിബിഐ തിയേറ്ററുകളിലെത്തിയത്. പുതുവത്സരദിനത്തിലാണ് സിബിഐ സിനിമകള്‍ക്ക് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ വാര്‍ത്ത സംവിധായകന്‍ കെ.മധു അറിയിച്ചത്. തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയുമായി ചേര്‍ന്ന് തന്നെയായിരിക്കും പുതിയ ചിത്രം ഒരുക്കുകയെന്ന് മധു പറയുന്നു. സി.ബി.ഐ സീരീസിലെ രണ്ടു സിനിമകള്‍ നിര്‍മിച്ച കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപയായിരിക്കും പുതിയ ചിത്രവും നിര്‍മിക്കുക.

രണ്ട് ചിത്രങ്ങളായിരിക്കും ക്യഷ്ണ ക്യപ നിര്‍മിക്കുകയെന്നും അതില്‍ ഒന്ന് റോബിന്‍ തിരുമല രചന നിര്‍വഹിക്കുന്ന എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഒന്നായിരിക്കുമെന്നും അറിയിച്ചു. മറ്റൊരു ചിത്രം അരുണ്‍ ഗോപി സംവിധാനം ചെയ്യുമെന്നും കെ മധു പറഞ്ഞു. ബാങ്കിങ്ങ് ഹവേഴ്സാണ് കെ മധു ഏറ്റവുമൊടുവില്‍ സംവിധാനം ചെയത മലയാള ചിത്രം.

Exit mobile version