ഇത്തവണത്തെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് മറ്റൊരു പ്രത്യേകതയുമായി കൊച്ചി ഒരുങ്ങി!

കൊച്ചിന്‍ കാര്‍ണിവല്ലിന്റെ 34 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്ന് പുതുവത്സരാഘോഷം മാറ്റുന്നത്

കൊച്ചി: കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമായ കൂറ്റന്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഇത്തവണ പാപ്പാഞ്ഞി രൂപകല്‍പന ചെയ്തത്. 48 അടി ഉയരത്തില്‍ ഇരുമ്പുചട്ടയില്‍ തീര്‍ക്കുന്ന പാപ്പാഞ്ഞിയെ ചാക്ക്, തുണി, കടലാസ് എന്നിവയിലാണു നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തവണത്തെ ആഘോഷത്തിന് മറ്റെരു പ്രത്യേകത കൂടി ഉണ്ട്. കൊച്ചിന്‍ കാര്‍ണിവല്ലിന്റെ 34 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്ന് പുതുവത്സരാഘോഷം മാറ്റുന്നത്. മുന്‍വര്‍ഷങ്ങളില്‍ പുതുവത്സരത്തെ വരവേറ്റ് പാപ്പാഞ്ഞിയെ കത്തിക്കാറുള്ള ബീച്ചിന്റെ ഭാഗങ്ങളുടെയെല്ലാം വിസ്തൃതി ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ നശിച്ചു പോയി. ബീച്ചിലെ കല്‍ക്കെട്ടും ഇതിനു മുകളിലുള്ള നടപ്പാതയും തകര്‍ന്നതോടെ ബീച്ചിലേക്കുള്ള വരവും പോക്കും പ്രയാസകരമാണ്. ഇതെല്ലാം പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്, റവന്യൂ അധികൃതരുടെയും കാര്‍ണിവല്‍ സംഘാടകസമിതി ഭാരവാഹികളുടെയും യോഗം, പുതുവത്സരാഘോഷം പരേഡ് ഗ്രൗണ്ടിലാക്കാമെന്ന തീരുമാനം എടുത്തത്.

ഡിസംബര്‍ 31ന് രാത്രി 12ന് പപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചിക്കാരുടെ പുതുവത്സരാഘോഷം. പുതിയ പ്രതീക്ഷ നാമ്പിടുന്നതും പോയ കാലത്തെ ദുഖം എരിഞ്ഞടങ്ങുന്നതും പുതുവത്സരപ്പുലരിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ്. 1984 മുതല്‍ സ്ഥിരമായി ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നുണ്ട്. പുതു വര്‍ഷാഘോഷത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ പാപ്പാഞ്ഞിക്ക് സാന്റാക്ലോസുമായി ബന്ധമില്ല. പോര്‍ച്ചുഗീസ് വാക്കായ പാപ്പാഞ്ഞിയുടെ അര്‍ത്ഥം മുത്തച്ഛന്‍ എന്നാണ്. 31ന് രാത്രി 12 മണിക്ക് ഫോര്‍ട്ടു കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷങ്ങള്‍ക്ക് തിരി തെളിയും.

Exit mobile version