ഗായിക മഞ്ജരി വിവാഹിതയാവുന്നു: വരന്‍ ബാല്യകാല സുഹൃത്ത്; വിവാഹം നാളെ തിരുവനന്തപുരത്ത്

ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍.

നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാരം നടത്തും. വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ മാനേജറാണ് ജെറിന്‍.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വലതു കാല്‍വെച്ചു കയറി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് ഏറെ നല്ല ഗാനങ്ങള്‍ മലയാളിക്കു സമ്മാനിക്കുകയുണ്ടായി.

പൊന്മുടി പുഴയോരം – ‘ഒരു ചിരി കണ്ടാല്‍’, അനന്തഭ്രദ്രം-‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിന്‍ കരയോരത്തെ’, മിന്നാമിന്നിക്കൂട്ടം-‘കടലോളം വാത്സല്ല്യം’ തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങള്‍ക്ക് മഞ്ജരി ശബ്ദം നല്‍കി. 2005ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും മഞ്ജരി നേടിയിട്ടുണ്ട്. പോസിറ്റീവ് എന്ന ചിത്രത്തിലെ ‘ഒരിക്കല്‍ നീ പറഞ്ഞു’ എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി.

Exit mobile version