സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വീട്ടില്‍ 1.41 കോടിയുടെ മോഷണം

ന്യൂഡല്‍ഹി : ബോളിവുഡ് നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയുടെയും ഡല്‍ഹിയിലെ വീട്ടില്‍ വന്‍ മോഷണം. 1.41 കോടി രൂപയുടെ ആഭരണങ്ങളും പണവും മോഷണം പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 23നാണ് പരാതി രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തു വിടുന്നത്. ആനന്ദിന്റെ മാതാപിതാക്കളായ ഹരീഷ് -പ്രിയ അഹൂജയും മുത്തശ്ശി സര്‍ളയുമാണ് ഡല്‍ഹിയിലെ അമൃത ഷെര്‍ഗില്‍ മാര്‍ഗിലുള്ള വീട്ടില്‍ താമസിക്കുന്നത്. ഫെബ്രുവരി 11ന് സര്‍ള അലമാര പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ആഭരണങ്ങളും പണവുമടങ്ങിയ ബാഗ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ തുറക്കുന്നത്. അതീവ ഗൗരവമായ കേസായതിനാലാണ് രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

അന്വേഷണത്തിന്റെ ഭാഗമായി സോനത്തിന്റെയും അഹൂജയുടെയും സ്റ്റാഫിനെ പോലിസ് പരിശോധിച്ച് വരികയാണ്. ഡ്രൈവര്‍മാരെയും, കെയര്‍ ടേക്കര്‍മാരെയും മറ്റ് ജോലിക്കാരെയുമൊക്കെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. നിരവധി സിസടിവി ഫൂട്ടേജുകളും ശേഖരിച്ചു.

Exit mobile version