‘മോശം പാട്ടാണെങ്കിലും നന്നായിട്ടുണ്ടെന്ന് പറയണം’ : ഹിന്ദി റിയാലിറ്റി ഷോകള്‍ മടുത്തുവെന്ന്‌ സോനു നിഗം

ഹിന്ദി റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തുകയാണെന്ന് ബോളിവുഡ് ഗായകന്‍ സോനു നിഗം. ആവശ്യമില്ലാതെ കുട്ടികളെ പ്രശംസിച്ച് തനിക്ക് മടുത്തുവെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്.

“അടുത്തിടെയായി ഒരുപാട് റിയാലിറ്റി ഷോകളിലേക്ക് വിധി കര്‍ത്താവായി ക്ഷണം വന്നിരുന്നു. എന്നാല്‍ എല്ലാം നിരസിച്ചു. ആവശ്യമില്ലാതെ കുട്ടികളെ പുക്‌ഴ്ത്തുന്നത് മടുത്തിട്ടാണ്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും ഒരു റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നു. പക്ഷേ അന്നൊക്കെ അത്തരത്തിലുള്ള ഒരേയൊരു ഷോ ആയിരുന്നു അത്. ഇന്ന് അതല്ല അവസ്ഥ. ധാരാളം റിയാലിറ്റി ഷോകളുണ്ട്. എല്ലാത്തിലും ഒരേ പോലെയാണ്. കുട്ടികള്‍ മോശമായി പാടിയാലും നന്നായിട്ടുണ്ടെന്ന് പറയണം. അത് ബുദ്ധിമുട്ടാണ്.” സോനു പറഞ്ഞു.

ഹിന്ദി റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയെങ്കിലും ബംഗാളിയില്‍ പുതുതായി തുടങ്ങുന്ന ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നുണ്ടെന്നും ബംഗാളി ഷോകളില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഗായകന്‍ അമിത് കുമാറും ഇത്തരത്തില്‍ റിയാലിറ്റി ഷോകളുടെ വിധിനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എത്ര മോശമായി പാടിയാലും കുട്ടികളെ ആവോളം പുകഴ്ത്തണമെന്ന് പ്രശസ്ത റിയാലിറ്റി ഷോ ആയ ഇന്ത്യന്‍ ഐഡലിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഇദ്ദേഹം പറഞ്ഞത്.

Exit mobile version