സിനിമയുടെ എല്ലാ മേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ച ബാലചന്ദ്രമേനോന്‍ ഇനി കോടതിയിലേയ്ക്ക്; പ്രതിഭ തെളിയിക്കുന്നത് ‘വക്കീല്‍ കുപ്പായത്തിലൂടെ’

അഭിഭാഷകനാവുകയെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം തുടങ്ങി ഒരു സിനിമയുടെ എല്ലാ മേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോന്‍. ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോള്‍ ചലച്ചിത്ര മേഖല വിട്ട് നിയമ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം.

വക്കീലായി തിളങ്ങി കാണുവാനാണ് മനസ് വെമ്പല്‍ കൊള്ളുന്നത്. അതിനായി അദ്ദേഹം ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ കഴിഞ്ഞ ദിവസം എഴുതി. ആലുവ ചൂണ്ടി ഭാരതമാത സ്‌കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസില്‍ വച്ച് ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു പരീക്ഷ. ഈ പരീക്ഷ വിജയിക്കുന്നതോടെ കോടതികളില്‍ കേസുകള്‍ വാദിക്കുന്നതിനുള്ള അനുമതി ലഭിക്കും.

അഭിഭാഷകനാവുകയെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. എന്നാല്‍ പല കാരണം കൊണ്ടും എല്‍എല്‍ബി പരീക്ഷയെഴുത്ത് നീണ്ടുപോയി. 2011ലാണ് സന്നത് എടുക്കാന്‍ സാധിച്ചത്. കോടതികളില്‍ വാദിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അനുമതി കൂടി വേണ്ടിവന്നതോടെയാണ് അദ്ദേഹം ഞായറാഴ്ച പരീക്ഷയെഴുതാനായി എത്തിയത്.

Exit mobile version