ലൂസിഫറിന്റെ ഉള്ളടക്കത്തെപ്പറ്റി തെറ്റായ ഊഹാപോഹങ്ങള്‍ പരത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു,സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക അതിനു മുന്‍പ് ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണ്; മുരളിഗോപി

മുരളിഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ രാഷ്ട്രീയ നേതാവായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്നതുള്‍പ്പെടെ ധാരാളം ഊഹാപോഹങ്ങള്‍ വന്നിട്ടുണ്ട്. ഇത്തരം തെറ്റായ പ്രചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ”വാര്‍ത്തകള്‍” ഷെയര്‍ ചെയ്യാതെയുമിരിക്കുകയെന്ന് അദ്ദേഹം കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പ്രിയ സുഹൃത്തുക്കളെ,

”ലൂസിഫര്‍” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പരത്തുന്ന ചില ഓണ്‍ലൈന്‍ മാധ്യമ ”വാര്‍ത്തകള്‍” (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ”കണ്ടെത്തല്‍”. ഈ ‘കണ്ടുപിടിത്തം’ ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു.
ഇത്തരം ”വാര്‍ത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത്.
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത്തരം കുന്നായ്മകള്‍ പടച്ചിറക്കുന്നതും.
സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ”വാര്‍ത്തകള്‍” ഷെയര്‍ ചെയ്യാതെയുമിരിക്കുക.

സസ്‌നേഹം,
മുരളി ഗോപി’

Exit mobile version