അനന്യയുടെ ജീവിത പോരാട്ടം സിനിമയാകുന്നു

കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്ജന്‍ഡറായ അനന്യ കുമാരിയുടെ ജീവിതം സിനിമയാകുന്നു. തന്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി അനന്യ കുമാരി നടത്തിയ ജീവിത പോരാട്ടങ്ങളെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത് പ്രദീപ് ചൊക്ലിയാണ്.

ചിത്രത്തില്‍ അനന്യയുടെ വേഷം ചെയ്യുന്നത് മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെയാകും. അതേസമയം ആരാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും സിനിമയുടെ ഭാഗമാകും. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം, പേടിത്തൊണ്ടന്‍ തുടങ്ങിയവയാണ് പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്ന അനന്യ, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. മലപ്പുറം വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലായ് 20നാണ് അനന്യയെ കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സാ പിഴവുണ്ടായെന്നും അനന്യ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയായിരുന്നു അനന്യ ആത്മഹത്യ ചെയ്തത്.

Exit mobile version