കൊവിഡും ന്യുമോണിയയും, ഓക്‌സിജന്‍ നല്‍കുന്നത് തൊണ്ടയിലൂടെ; ഒന്നിനുപിറകെ ഒന്നായി ഗുരുതരാവസ്ഥയിലൂടെ നടി ശരണ്യ

Seema G Nair | Bignewslive

ഗുരുതരമായ അവസ്ഥയിലൂടെ നടി ശരണ്യ കടന്നുപോകുന്നുവെന്ന് നടി സീമ ജി നായര്‍. ശരണ്യ വെന്റിലേറ്റര്‍ ഐസിയുവിലാണെന്ന് ശരണ്യയുടെ ഉറ്റസുഹൃത്തുകൂടിയായ സീമ സീമ ജി നായര്‍ പറയുന്നു. ഒരുപാട് അസുഖങ്ങളില്‍ പോരടിച്ച് കയറി വന്നതാണ് ശരണ്യ. ജീവിതത്തിലേയ്ക്ക് നടന്നു കയറിയ താരത്തിനെ കൊവിഡ് കൂടി പിടികൂടിയത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ കൊവിഡ് നെഗറ്റീവായി എത്തിയ ശരണ്യയെ ന്യുമോണിയ കൂടി ബാധിച്ചതാണ് ഇപ്പോള്‍ ആശങ്കയായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഐസിയുവില്‍ കഴിയുകയാണ് ശരണ്യ. ഓക്‌സിജന്‍ തൊണ്ടയിലൂടെ നല്‍കുകയാണെന്ന് സീമ ജി നായര്‍ പറയുന്നു.

സീമ ജി. നായരുടെ വാക്കുകള്‍;

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ശരണ്യയുടെ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ഫോണ്‍കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. എപ്പോഴും എന്താണ് പറയേണ്ടതെന്നറിയില്ല, എന്നും ഇങ്ങനെ വിഡിയോയുമായി വരുമ്പോള്‍ ആളുകള്‍ വിചാരിക്കും, ഇത് എന്താണ് ഇത് മാത്രമേയുള്ളൊ എന്ന്. അങ്ങനെ വിമര്‍ശിക്കുന്ന ചിലരുമുണ്ട്, അത് കൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ദിവസമായി വിഡിയോ ഒന്നും ചെയ്യേണ്ട എന്നുള്ള തോന്നലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് കാര്യങ്ങള്‍ പങ്കുവെയ്ക്കാനുണ്ട്

കഴിഞ്ഞ മാസം 23-ാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡായിട്ട് ശരണ്യയെ അഡ്മിറ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുകയായിരുന്നു. ഉടന്‍ തന്നെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്റര്‍ ഐസിയുവില്‍ ശരണ്യ ഒരുപാട് ദിവസം കിടന്നു. ഈ മാസം 10-ാം തീയതിയാണ് കോവിഡ് നെഗറ്റീവായത്. അതിന് ശേഷം റൂമിലേയ്ക്ക് കൊണ്ടു വരുകയായിരുന്നു. അന്ന് രാത്രി പനി കൂടി. പോസ്റ്റ് കോവിഡില്‍ ശക്തമായ പനി വന്നതോടെ , വീണ്ടും വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ആ സമയം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന്റെയിടയില്‍ വായിലൂടെ ശ്വാസം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാന്‍ കഴിയാത്ത അവസ്ഥ കൂടിയായി . അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. ഇപ്പോള്‍ തൊണ്ടയില്‍ കൂടിയാണ് ഓക്‌സിജന്‍ നല്‍കുന്നത്. ഇതിന്റെയിടയില്‍ ന്യുമോണിയയും വന്നു. അത് വളരെ സീരിയസായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാന്‍ കഴിയാതെയായി. ഒന്നിനുപിറകെ ഒന്നായി ഗുരുതരമായ അവസ്ഥയിലൂടെ പോകുകയായിരുന്നു.

‘ശ്രീചിത്രയില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കയ്യില്‍ നില്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള ചികിത്സാ ചെലവുകളാണ് വന്നിരിക്കുന്നത്. ഏകദേശം 36 ദിവസം കഴിഞ്ഞു. ഊഹിക്കാമല്ലോ അവിടത്തെ ചെലവുകള്‍. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടത്തെ സിസ്റ്റം അങ്ങനെയാണ്. ബില്ലുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ചികിത്സയാണ് കൊടുക്കുന്നത്. വില കൂടിയ ആന്റി ബയോട്ടിക്കാണ് ഇപ്പോള്‍ കൊടുക്കുന്നത്. ഇതിലും വിലകൂടിയ മരുന്നുകള്‍ ഇല്ല. അസുഖം മാറി വേഗം പുറത്ത് വരാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.’

Exit mobile version