പ്രായത്തിൽ കൂടുതൽ പക്വതയുണ്ടല്ലോ എന്ന് ആളുകൾ പറയാറുണ്ട്; അന്ന് അതൊക്കെ വലിയ പ്രശ്‌നമായിരുന്നു: എസ്തർ

esther anil

ദൃശ്യം ചിത്രത്തിലൂടെ ഏറ്റവുമധികം ശ്രദ്ധ ലഭിച്ച താരങ്ങളിലൊരാൾ എസ്തർ അനിൽ തന്നെയാണ്. ജോർജ്കുട്ടിയുടെ കുടുംബത്തിലെ ഇളയ അംഗത്തെ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. അനു മോളായി പ്രേക്ഷകർക്ക് മുന്നിലെത്തിയ എസ്തർ അനിൽ ഇന്ന് ദൃശ്യം രണ്ടാം ഭാഗത്തിൽ വളർന്ന് വലിയ ടീനേജുകാരിയായിരിക്കുന്നു. അതേസമയം, തന്റെ പെരുമാറ്റത്തിൽ മുമ്പ് തന്നെ നല്ല പക്വതയുണ്ടായിരുന്നെന്ന് പറയുകയാണ് എസ്തർ. ദൃശ്യം രണ്ടിലെ തന്റെ കഥാപാത്രത്തിന് നല്ല പക്വതയുള്ളതായി തോന്നിയെന്ന് നിരവധി പേർ പറഞ്ഞിരുന്നുവെന്ന് മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് എസ്തർ പറഞ്ഞത്.

‘അനുമോൾക്ക് മാത്രമല്ല തനിക്കും പ്രായത്തിൽ കൂടുതൽ പക്വതയുണ്ടല്ലോ’ എന്ന് ആളുകൾ പറയാറുണ്ട്. ദൃശ്യം ഒന്ന് കഴിഞ്ഞുള്ള ഇന്റർവ്യൂകളിൽ വലിയ കുട്ടിയെപ്പോലെ സംസാരിക്കുന്നതെന്താ എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അന്ന് ഞാൻ ചെറിയകുട്ടിയായിരുന്നല്ലോ. അന്ന് അത് വലിയ പ്രശ്‌നമായിരുന്നു. കൊച്ചു കുട്ടികൾ കൊച്ചു കുട്ടികളെപ്പോലെയേ സംസാരിക്കാൻ പാടുള്ളൂ എന്നുണ്ടായിരുന്നു.’- എസ്തർ മനസുതുറക്കുന്നു.

‘പക്ഷേ എന്റെ പാരന്റ്‌സും മറ്റും എന്നോടിങ്ങനെ തന്നെയാണ് സംസാരിക്കുന്നത്. പിന്നെ ഇങ്ങനെയൊരു ഇൻഡസ്ട്രിയിൽ ആണ് വർക്ക് ചെയ്യുന്നത് എന്നുകൊണ്ട് കൂടുതലും വലിയ പ്രായക്കാരുമായിട്ടാണ് ഇടപെഴകുന്നത്. അതുകൊണ്ടായിരിക്കും ഞാൻ ഇങ്ങനെയായത്. ഇന്ന് ആളുകൾക്ക് അതൊരു പ്രശ്‌നമല്ല എന്നു തോന്നുന്നു. ചിലപ്പോൾ ഡിഗ്രിയിലൊക്കെ ആയല്ലോ എന്ന് കരുതിയിട്ടാവും,’ എസ്തർ പറയുന്നു.

ദൃശ്യം 2 മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും എസ്തർ പറഞ്ഞു. മുംബൈയിലെ സെന്റ് തോമസ് കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ് എസ്തർ. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം ജാക്ക് ആന്റ് ജിൽ ആണ് എസ്തറിന്റെ റിലീസിനുള്ള അടുത്ത ചിത്രം.

Exit mobile version