‘എന്റെ അത്ര കഴിവുള്ള ഒരു നടിയും ഈ ലോകത്തില്ല; ആർക്കെങ്കിലും എന്നേക്കാൾ കഴിവുണ്ടെന്ന് തെളിയിച്ചാൽ അന്ന് ഈ അഹങ്കാരം ഞാൻ നിർത്തും’: കങ്കണ റണൗത്ത്

kangana and gadot

ലോകത്തുള്ള ഒരു നടിമാരുടെ അഭിനയവും തന്റെ റേയ്ഞ്ചിന്റെ ഏഴയലത്ത് എത്തില്ലെന്ന അവകാശവാദവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഭൂമിയിലെ തന്നെ മികച്ച കലാകാരി താനാണ്. മറ്റേതെങ്കിലും നടി തന്നേക്കാൾ കഴിവുള്ള വ്യക്തിയാണെന്ന് തെളിയിച്ചാൽ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്ന അഹങ്കാരം താൻ അവസാനിപ്പിക്കാമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.

പുതിയ ചിത്രങ്ങളായ ‘തലൈവി’യിലേയും, ‘ധക്കടിലേയും’ തന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് കങ്കണയുടെ സോഷ്യൽമീഡിയയിലൂടെയുള്ള വെല്ലുവിളി. ഇക്കാര്യത്തിൽ തുറന്നൊരു ചർച്ചക്കും തയ്യാറാണെന്നും ട്വീറ്റിൽ കങ്കണ പറയുന്നു.

‘എന്നേക്കാളും കഴിവുള്ളൊരു കലാകാരി ഈ ഭൂമിയിൽ വേറെയുണ്ടെങ്കിൽ ഞാൻ എന്റെ അഹങ്കാരം നിർത്താം. ഇതിനെ കുറിച്ചൊരു തുറന്ന ചർച്ചക്ക് ഞാൻ തയ്യാറാണ്. മറ്റൊരാളെ കണ്ടെത്തുന്നത് വരെ എന്റെ അഹങ്കാരത്തിൽ ഞാൻ മുന്നോട്ട് പോകും.’- ട്വിറ്ററിൽ കങ്കണ കുറിച്ചതിങ്ങനെ.

മറ്റൊരു ട്വീറ്റിൽ ഹോളിവുഡ് താരം മെറിൽസ്ട്രീപ്പിനെ പോലെ താൻ കഴിവുറ്റവളാണെന്നും ‘വണ്ടർവുമൺ’ വേഷത്തിലൂടെ പ്രശസ്തയായ ഗാൽ ഗദോഡിനേക്കാൾ സൗന്ദര്യവും കഴിവും തനിക്കുണ്ടെന്നും താരം അവകാശപ്പെട്ടു.

തലൈവി എന്ന ചിത്രത്തിൽ കങ്കണ മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയെയാണ് അവതരിപ്പിക്കുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എഎൽ വിജയ് ആണ്. ചിത്രത്തിൽ എംജിആറിന്റെ വേഷത്തിൽ അരവിന്ദ് സ്വാമിയും എത്തും. 2020 ജൂൺ 26 ന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും കൊവിഡ് മൂലം റിലീസ് മാറ്റിവച്ചിരിക്കുകയാണ്. തലൈവി ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായാണ് റിലീസ് ചെയ്യുക. കങ്കണയുടെ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Exit mobile version