കോവിഡ് കവർന്നത് ദശലക്ഷക്കണക്കിന് ജീവൻ; ഇനിയും നഷ്ടങ്ങൾ ഉണ്ടാവട്ടെ എന്നാണോ പറയുന്നത്? ജെന്നിഫർ ആനിസ്റ്റണ് ട്രോൾ മഴ

Jennifer aniston | hollywood

ഹോളിവുഡ് താരം ജെന്നിഫർ ആനിസ്റ്റണിന് ലോകമെമ്പാടും ആരാധകരുടെ വൻനിര തന്നെയുണ്ട്. താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്കും അത്രത്തോളം റീച്ചും സ്വാധീനവും ഉണ്ടാക്കാനും സാധിക്കും. പക്ഷെ, ജെന്നിഫർ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ആരാധകരേയും സൈബർ ലോകത്തേയും നിരാശരും പ്രകോപിതരുമാക്കിയിരിക്കുകയാണ്.

തന്റെ ഒരു ലോക്കറ്റിന്റെ ചിത്രം പങ്കുവെച്ച ജെന്നിഫറിന്റെ പോസ്റ്റിനു കീഴെ വിമർശനങ്ങളുടെ പെയ്ത്താണ്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ജെന്നിഫർ ആനിസ്റ്റൺ ഒരു ലോക്കറ്റിന്റെ ചിത്രം പങ്കുവെച്ചത്. ലോക്കറ്റിൽ ആലേഖനം ചെയ്തിരിക്കുന്ന വരികളാണ് സോഷ്യൽമീഡിയയെ താരത്തിനെതിരെ തിരിയാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ‘നമ്മുടെ ആദ്യത്തെ പാൻഡെമിക് 2020’ എന്നാണ് ലോക്കറ്റിൽ കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് മരം കൊണ്ടു തയ്യാറാക്കിയ ഈ ലോക്കറ്റിന്റെ ചിത്രം ജെന്നിഫർ പോസ്റ്റ് ചെയ്തത്.

അതേസമയം, കൊറോണാ എന്ന മഹാമാരിയിൽ ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലായിരിക്കെ ജെന്നിഫർ കുറിച്ച ഈ വരികൾ ആരാധകരെ ഉൾപ്പടെ നിരാശരാക്കിയിരിക്കുകയാണ്. പോസ്റ്റ് അനവസരത്തിലായിപ്പോയെന്ന് പലരും കമന്റിലൂടെ അറിയിക്കുകയാണ്.

കോവിഡ് മഹാമാരി മൂലം ജീവൻ നഷ്ടമായവരും ഉറ്റവരെ കാണാതിരിക്കുന്നവരും ജോലി നഷ്ടമായവരുമൊക്കെയുള്ള ഈ കാലത്ത് മഹാമാരിയെ ആസ്വദിക്കുന്ന രീതിയിൽ പോസ്റ്റ് പങ്കുവെയ്ക്കുകയാണ് ജെന്നിഫർ ചെയ്തതെന്ന് വിമർശനം ഉയരുന്നു. ഇനിയൊരു മഹാമാരി കൂടി വരേണ്ടതുണ്ടെന്നാണോ ജെന്നിഫർ പറയാൻ ഉദ്ദേശിക്കുന്നതെന്നും മഹാമാരിയിൽ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്തതിന്റെ മാനസികാവസ്ഥയാണ് പോസ്റ്റിൽ കാണുന്നതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

Exit mobile version