കോവിഡ് ഇല്ല; രക്തസമ്മർദ്ദം സാധാരണനിലയിലും; രജനികാന്ത് ആശുപത്രി വിട്ടു; പൂർണവിശ്രമം നിർദേശിച്ച് ഡോക്ടർമാർ

rajinikanth | entertainment

ഹൈദരാബാദ്: ആരാധകർക്കും സിനിമാ ലോകത്തിനും ആശ്വാസമായി ആ വാർത്തയെത്തി, സൂപ്പർതാരം രജനികാന്ത് ആശുപത്രി വിട്ടു. വെള്ളിയാഴ്ചയാണ് 70കാരനായ താരത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്ന രജനികാന്തിനെ രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ രജനീകാന്ത് വിശ്രമത്തിനായി ആശുപത്രി വിട്ടു. ഒരാഴ്ചത്തെ പൂർണ്ണവിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. രക്തസമ്മർദം സാധാരണ നിലയിലായെന്നും അദ്ദേഹം ഏറെ സുഖപ്പെട്ടെന്നും ഞായറാഴ്ച ഉച്ചക്ക് ഡോക്ടർമാർ അറിയിച്ചിരുന്നു. ആശങ്കപ്പെടാനൊന്നുമില്ലെന്നും താരത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തി ഡോക്ടർമാർ പറഞ്ഞിരുന്നു.

രജനികാന്ത് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് കമൽഹാസൻ, പവൻ കല്യാൺ, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങൾ ആശംസ നേർന്നിരുന്നു.

ഹൈദരാബാദിൽ അണ്ണാത്തൈ എന്ന പുതിയ ചിത്രത്തിൻെ ഷൂട്ടിങ്ങിനിടെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രജനിയെ കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു.

Exit mobile version