സെന്‍സര്‍ ബോര്‍ഡ് ക്ലിയറന്‍സ് കാത്ത് മജീദ് മജീദിന്റെ ‘ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ . ലോക രാജ്യങ്ങളില്‍ വിവാദം സൃഷ്ടിച്ച സിനിമ ഇന്ന് ഐഎഫ്എഫ്‌ക്കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി വേണം

ലോക സിനിമാ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന മജീദ് മജീദിന്റെ ദ മെസഞ്ചര്‍ ഓഫ് ഗോഡ് സെന്‍സര്‍ ബോര്‍ഡ് അനുമതിക്കായി കാത്തിരിക്കുന്നു. ജൂറി ചെയര്‍മാന്‍ കൂടിയായ മജീദ് മജീദി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കുമെന്ന് ശുഭപ്രതീക്ഷയില്‍തന്നെയാണ്. സെന്‍സര്‍ ബോര്‍ഡ് ക്ലിയറന്‍സ് ലഭിച്ചാല്‍ ചിത്രം രാത്രി 10.30 ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കി തയ്യാറാക്കിയ ചലച്ചിത്രമാണ് മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്. ഇസ്ലാമില്‍ പ്രവാചകനുള്ള പ്രാധാന്യത്തെ ചിത്രം അട്ടിമറിച്ചിരിക്കുകയാണെന്നും പരിഹസിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ആക്ഷേപങ്ങളുയര്‍ന്നിരുന്നു. 40 മില്ല്യണ്‍ ഡോളര്‍ ചെലവ് വന്ന സിനിമ ഇറാന്‍ സര്‍ക്കാരാണ് നിര്‍മ്മിച്ചത്. ആറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും പണംമുടക്കുള്ള ഇറാനിയന്‍ ചിത്രമാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണത്തിനായി തെഹ്റാന് സമീപം നൂറ് ഏക്കറില്‍ മെക്കയുടെ കൂറ്റന്‍ സെറ്റ് ഒരുക്കിയിരുന്നു. ചിത്രത്തില്‍ ഒരു ഭാഗത്തും പ്രവാചകന്റെ പൂര്‍ണരൂപം കാണിക്കുന്നില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇന്ത്യ, ഇറാന്‍, ജര്‍മനി, ഫ്രാന്‍സ്, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളിലെ ഇരുനൂറോളം സംഗീതജ്ഞരെ സഹകരിപ്പിച്ചാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. സംഗീതം നല്‍കിയത് എ.ആര്‍. റഹ്മാന്‍. പ്രമുഖ ബ്രിട്ടീഷ് സംഗീതജ്ഞന്‍ സാമി യൂസഫ് ആദ്യമായി റഹ്മാന് വേണ്ടി പാടിയതും ഈ ചിത്രത്തിന് വേണ്ടിയാണ്.

മൂന്ന് തവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഇറ്റാലിയന്‍ ഛായാഗ്രാഹകന്‍ വിറ്റോറിയോ സ്‌റോറാറോ ആണ് ചിത്രത്തിന്റെ ക്യാമറ. ഓസ്‌കാര്‍ ജേതാവായ സ്‌കോട്ട്.ഇ. ആന്‍ഡേഴ്‌സണ്‍ ആണ് വിഷ്വല്‍ ഇഫക്റ്റ്‌സ് ചെയ്യുന്നത്.

Exit mobile version