മൊയ്തീനെ ആ ചെറിയ സ്പാനറിങ്ങെടുത്തേ.. ഇപ്പോ ശരിയാക്കിത്തരാം, ടാഗോര്‍ തിയ്യറ്ററിലെ പ്രശ്നം പരിഹരിക്കാന്‍ ആളെത്തി

ഐഎഫ്എഫ്‌കെയുടെ പ്രധാന പ്രദര്‍ശന വേദിയായ ടാഗോര്‍ തിയ്യറ്ററിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുബൈയില്‍ നിന്ന് ആളെത്തി. ഇന്ന് രാവിലെയാണ് ആളെത്തിയത്. ടാഗോറിലെ പ്രോജക്ടര്‍ തകരാറിലായതിനെതുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് പ്രദര്‍ശനം മുടങ്ങിയത്. മുബൈയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധന്‍ പ്രശ്‌നം പരിഹരിച്ചു വരികയാണെന്നും വൈകീട്ടോടെ പ്രദര്‍ശനം പുനസ്ഥാപിക്കാനാകുമെന്നും ഐഎഫ്എഫ്‌കെ കമ്മറ്റി അംഗം ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞു.

സാറ്റ് ലൈറ്റ് കണക്ടിവിറ്റിയിലും ഇവിടെ പ്രശ്‌നം നേരിടുന്നുണ്ട് ഇതും പരിഹരിച്ചു വരികയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങള്‍ മറ്റ് തിയ്യറ്ററുകളിലേക്ക് മാറ്റി. ചിലവുചുരുക്കി നടത്തുന്ന ഫെസ്റ്റുവല്‍ എന്ന പ്രത്യേകതയോടെയാണ് ഇക്കുറി ഐഎഫ്എഫ്‌ക്കെ നടക്കുന്നത്. ടാഗോര്‍ തിയ്യറ്ററിലെ സാങ്കേതിക തകരാര്‍ മാറ്റിവെച്ചാല്‍ പ്രദര്‍ശനം പൊതുവെ സുഗമമായാണ് നടക്കുന്നത്.

ടാഗോറിലെ പ്രോജക്ടര്‍ തകരാറ് പരിഹരിച്ചാല്‍ ഇന്ന് വൈകീട്ട് 6.30 നും 8.30നും പ്രദര്‍ശനം നടത്താനാണ് സംഘാടകരുടെ തീരുമാനം. ഇതു സംബന്ധിച്ച അറിയിപ്പ് ഐഎഫ്എഫ്‌കെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനായി പ്രൊജക്ടര്‍ മാറ്റിവെക്കുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.

Exit mobile version