ഇമയൗ പോലെ ഇറാനില്‍ നിന്നൊരു ചിത്രം ദ ഗ്രേവ്‌ലെസ്സ്, മത്സര വിഭാഗത്തില്‍ ഒരേ ഇതിവൃത്തവുമായി രണ്ടു ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെ ജ്യൂറിക്ക് മുന്നില്‍ ഒരുമിച്ചെത്തി.

അവിചാരിതം, അതിശയം എങ്ങനെവേണമെങ്കിലും വിശേഷിപ്പിക്കാം. മത്സരവിഭാഗത്തില്‍ ജ്യൂറിക്ക് മുന്നില്‍ ഇന്നലെ എത്തിയ രണ്ടു ചിത്രങ്ങള്‍ ജ്യൂറി അംഗങ്ങളിലുണ്ടാക്കിയ അമ്പരപ്പിനെ എങ്ങനെയും പറയാം. ഒരേ കഥാ തന്തു രണ്ടു വ്യത്യത്ഥ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തില്‍ അവതരിക്കുന്നു. അതും ഭൂമിയുടെ വ്യത്യസ്ഥ ഇടങ്ങളില്‍. യാദൃശ്ച്യമെങ്കിലും ഒന്നിനുപുറകെ ഒന്നായി അത് കണ്ട് വിലയിരുത്തുക എന്ന അപൂര്‍വ്വ അനുഭവം ഇന്നലെ ഐഎഫ്എഫ്‌കെ ജ്യൂറിക്ക് ലഭിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനും, നടനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ലിജോ ജോസ്, ചെമ്പന്‍ വിനോദ് കൂട്ടുകെട്ടിന്റെ ഇമയൗ. എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി മരിക്കുന്നതും തുടര്‍ന്ന് ആ മരണവീട്ടിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈമായൗ എന്ന ചിത്രത്തില്‍ നിറയുന്നത്.

വില്യം ഫോക്‌നറുടെ ‘ആസ് ഐ ലേ ഡയിങ്’ എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്തഫ സയ്യറി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് ദ ഗ്രേവ്‌ലെസ്സ്. മുസ്തഫയുടെ ആദ്യ ചിത്രമാണിത്. പിതാവിന്റെ മൃതദേഹവുമായി ഇറാനിലെ വിദൂര ഗ്രാമത്തിലേക്ക് യാത്രതിരിക്കുന്ന മൂന്ന് സഹോദരന്‍മാരും ഒരു സഹോദരിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ആ ഗ്രാമത്തില്‍ തന്റെ മൃതദേഹം അടക്കം ചെയ്യണമെന്നത് പിതാവിന്റെ അന്ത്യാഭിലാഷമായിരുന്നു. അതിനായിരുന്നു ആ യാത്ര. അഴുകിത്തുടങ്ങുന്ന മൃതദേഹവും, കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടാകുന്ന വഴക്കുകളും ഇമയൗ പോലൊരു ചലച്ചിത്രാനുഭവം നമ്മളില്‍ വീണ്ടും എത്തിക്കുന്നു.

കുടുംബവഴക്കുകളും, നിസ്സഹായതയും നിറയുന്ന രണ്ടു ചിത്രങ്ങള്‍. ലോകത്തെവിടെയും വികാരങ്ങളും, വാചാരങ്ങളും ഒന്നുതന്നെയാണെന്ന തിരിച്ചറിവ് നമ്മളിലെത്തുന്നത്് പലപ്പോഴും സിനിമകളിലൂടെയാണ്. പ്രത്യേകിച്ച് ഇത്തരം അനുഭവങ്ങളിലൂടെയാണ്.

Exit mobile version