ജയൻ യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; അപ്പോൾ മമ്മൂട്ടിയും മോഹൻലാലുമോ എന്ന് ആരാധകൻ; ‘എനിക്ക്’ അങ്ങനെ തോന്നിയിട്ടില്ലെന്ന് ഷമ്മി തിലകൻ

മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സൂപ്പർസ്റ്റാർ എന്ന് വിശേഷണത്തിന് ഉടമയായ അനശ്വര നടൻ ജയൻ ഓർമ്മയായിട്ട് ഇന്ന് നാല് പതിറ്റാണ്ട് പിന്നിടുന്നു. സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരേയും സാഹസികത കാണിക്കാൻ മടി കാണിക്കാതിരുന്ന ജയനെ തട്ടിയെടുത്തതും ആ ആത്മാർത്ഥത തന്നെയായിരുന്നു. സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ 1980 നവംബർ 16നാണ് ജയൻ ഹെലികോപ്റ്ററിൽ നിന്നും വീണു പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. ഒരു ഡ്യൂപ്പിനെ ഉപയോഗിക്കാനോ വേണ്ടവിധത്തിൽ സുരക്ഷ ഉപകരണങ്ങളുടെ സഹായം തേടാനോ മുതിരാതെ അതിസാഹസികമായി തനിച്ച് ഓരോ രംഗവും വീണ്ടും വീണ്ടും ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ആ അപകടം മലയാള സിനിമയ്ക്ക് തന്നെ തീരാ നഷ്ടമാണ്. തന്റേതായ പൗരുഷഭാവങ്ങള്‍ക്കും അതുല്യമായ അഭിനയശൈലിയ്ക്കും ഉടമയായിരുന്ന ജയന് മുമ്പും ശേഷവും എന്ന രീതിയിൽ മലയാള സിനിമയിലെ നായക സങ്കൽപ്പം മാറി മറിയുകയും ചെയ്തു.

അതേസമയം, ജയന്റെ ഓർമ്മദിനത്തിൽ പ്രണാമമർപ്പിച്ച് നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. താരങ്ങളുൾപ്പടെ ജയന് ഓർമ്മപൂക്കൾ സമ്മാനിക്കുന്നു. ഇതിനിടെ, നടൻ ഷമ്മി തിലകൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റ് അൽപ്പം ചൂടേറിയ ചർച്ചയാവുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളെ വിമർശിക്കാൻ മടി കാണിക്കാത്ത ഷമ്മി തിലകൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ജയനാണ് യഥാർത്ഥ സൂപ്പർ സ്റ്റാറെന്നും മോഹൻലാലും മമ്മൂട്ടിയും സൂപ്പർസ്റ്റാറുകളാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

യഥാർത്ഥ സൂപ്പർസ്റ്റാറിന് പ്രണാമം എന്ന് കുറിച്ചുകൊണ്ട് ഫേസ്ബുക്കിൽ നടൻ ജയന്റെ ചിത്രം പങ്കുവെച്ച ഷമ്മി തിലകന്റെ പോസ്റ്റിന് താഴെ വന്ന കമന്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഈ പോസ്റ്റിന് താഴെ അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്? അപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒക്കെയോ എന്ന് ചോദ്യം ഉന്നയിച്ച ആരാധകനോട് ”അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല..!”- എന്ന് ഷമ്മി തിലകൻ തുറന്നടിക്കുകയായിരുന്നു. പിന്നാലെ വിഷയം സോഷ്യൽമീഡിയ ഏറ്റെടുത്തു. ഷമ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സമാനമായി മലയാളത്തിലെ മറ്റ് താരങ്ങളൊക്കെ കുന്ദംകുളം ആണോ എ്‌നന ചോദ്യത്തിനും ‘അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല’ എന്ന അതേ ഉത്തരം തന്നെയാണ് ഷമ്മി നൽകുന്നത്.

‘മമ്മൂക്കയും ലാലേട്ടനും ജയനെ പോലെ മരിച്ചു കഴിഞ്ഞതിനു ശേഷം ഷമ്മി സാർ പറയും they r the റിയൽ ഹീറോസ് എന്ന് അല്ലെ, ജീവിച്ചിരിക്കുമ്പോൾ പറയാത്ത കാര്യങ്ങൾ ചെയ്യാത്ത കാര്യങ്ങൾ എന്തിനു മരിച്ചു കഴിഞ്ഞു പറയണം സാർ’- എന്ന മറ്റൊരു സിനിമാ പ്രേമിയുടെ ചോദ്യത്തിന് ‘അത് അവരുടെ രീതിയാണ് ബ്രോ’ എന്നായിരുന്നു ഷമ്മിയുടെ മറുപടി. ഏതായാലും വിഷയം വലിയ ചർച്ചയാവുകയാണ്.

Exit mobile version