‘ഈ കൊവിഡ് സമയത്ത് പ്രിയപ്പെട്ടവരെ തിരക്കുള്ള സ്ഥലങ്ങളില്‍ വിടാന്‍ എനിക്ക് താല്‍പര്യമില്ല, പിന്നെങ്ങനെയാണ് ഞാന്‍ ആരാധകരെ തീയേറ്ററുകളിലേക്ക് വിളിക്കുക’; സൂര്യ

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘സൂരറൈ പൊട്ര്’. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ സൂര്യ.


‘ഈ കൊവിഡ് സമയത്ത് പ്രിയപ്പെട്ടവരെ തിരക്കുള്ള സ്ഥലങ്ങളില്‍ വിടാന്‍ എനിക്ക് താത്പര്യമില്ല. പിന്നെങ്ങനെയാണ് ഞാന്‍ ആരാധകരെ തീയേറ്ററുകളിലേക്ക് വിളിക്കുക. പക്ഷേ കോടികള്‍ ആസ്തിയുള്ള കോര്‍പ്പറേറ്റല്ല ഞാന്‍. എന്റെ സംവിധായകരെയും നടന്‍മാരെയും സഹായിക്കേണ്ട കടമ എന്റേതാണ്. എന്റെ ചിത്രങ്ങളില്‍ ഉള്ളവരുടെ കുടുംബങ്ങളെ പറ്റി ആലോചിച്ചപ്പോള്‍ ഒടിടി മാത്രമായിരുന്നു ഒരു പോംവഴി’ എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറഞ്ഞത്.


ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്‌സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version