ഹിന്ദു ദേവതാ സങ്കൽപത്തെ അപമാനിക്കുന്നെന്ന് ആരോപണം; അക്ഷയ് കുമാർ ചിത്രത്തിന്റെ പേര് മാറ്റി

ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബിന്റെ പേര് ഒടുവിൽ മാറ്റി. അക്ഷയ് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഹിന്ദു ദേവതാ സങ്കൽപത്തെ അപമാനിക്കുന്നെന്ന ആരോപണം ചില തീവ്രഹിന്ദു സംഘടനകൾ ഉന്നയിച്ചതോടെയാണ് അണിയറ പ്രവർത്തകർ പേര് മാറ്റാൻ നിർബന്ധിതരായിരിക്കുന്നത്. ‘ലക്ഷ്മി ബോംബ്’ എന്ന ഹോറർ കോമഡി ചിത്രത്തിന്റെ പേര് ‘ലക്ഷ്മി’ എന്ന് മാത്രമാക്കി ചുരുക്കുകയാണ് അണിയറ പ്രവർത്തകർ ചെയ്തിരിക്കുന്നത്.

നേരത്തെ, ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർക്ക് കർണിസേന വക്കീൽ നോട്ടീസ് അയച്ചിരുന്നു. ബോധപൂർവ്വം ലക്ഷ്മീദേവിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്. ചിത്രത്തിന്റെ പേര് അപകീർത്തികരവും വിദ്വേഷകരവുമാണെന്നും, ഹിന്ദു സംസ്‌കാരത്തിന്റെ ആശയസംഹിതയെയും ആചാരങ്ങളെയും കുറിച്ച് സമൂഹത്തിന് മോശം സന്ദേശം നൽകുന്നതാണ് ചിത്രത്തിന്റെ പേരെന്നുമൊക്കെയാണ് സംഘടനയുടെ ആരോപണം. ദേവീദേവന്മാരെ താറടിക്കുന്ന നടപടിയാണിതെന്നും പദ്മാവത് സിനിമയ്ക്ക് എതിരേയും പ്രതിഷേധിച്ച കർണിസേന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ പേര് മാറ്റി തീരുമാനമായിരിക്കുന്നത്.

ചിത്രം ഹിന്ദു ദേവതയെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു സംഘടന ആരോപിച്ചിരുന്നു. തുടർന്ന് പ്രതിഷേധം കനത്തോടെയാണ് സെൻസർ ബോർഡുമായി ചർച്ച ചെയ്ത ശേഷം ചിത്രത്തിന്റെ പേര് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

മുനി 2, കാഞ്ചന തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കായാണ് ഹിന്ദിയിൽ അക്ഷയ് കുമാർ നായകനായി ലക്ഷ്മി അണിയിച്ചൊരുക്കിയിരിക്കുന്നത്. കിയാര അദ്വാനി നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് താരം കൂടിയായ രാഘവ ലോറൻസ് ആണ്. ദീപാവലി റിലീസ് ആയി നവംബര്‍ 9 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിനെതിരെ കര്‍ണിസേന രംഗത്ത് വന്നത്.

Exit mobile version