‘ഒരു വ്യക്തിയെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്’; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്

സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ ഡബ്ല്യുസിസിയുടെ ‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പാര്‍വതിയുടെ പ്രതികരണം. ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ സാധിക്കും. എന്നാല്‍ സൈബര്‍ ആക്രമണത്തിന്റെ മുറിവുകള്‍ നമുക്ക് വ്യക്തമായി പുറത്ത് കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അതിനെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധമുള്ളവരാവണം.

ഒരു വ്യക്തിയെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണെന്നും പാര്‍വതി പറഞ്ഞു. സൈബര്‍ ബുള്ളിയിങിനോട് നോ പറയേണ്ടത് അവകാശവും കടമയുമാണെന്ന് പറഞ്ഞാണ് പാര്‍വതി വീഡിയോ അവസാനിപ്പിച്ചത്.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ,

‘ഞാന്‍ സിനിമയില്‍ വന്നിട്ട് പതിനഞ്ച് വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഏകദേശം 10 വര്‍ഷവും. എന്റെ ചിത്രങ്ങള്‍ക്ക് എത്രത്തോളം അംഗീകാരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നോ അതേ അളവില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുമായിട്ടുള്ള ബന്ധം കൂടിക്കൊണ്ടിരിക്കുന്നു. അതില്‍ വളരെ പോസിറ്റീവ് ആയ എല്ലാ കമന്റ്‌സിനും സന്ദേശങ്ങള്‍ക്കും പ്രതികരിക്കാന്‍ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതെല്ലാം ഞാന്‍ ആസ്വദിക്കാറുമുണ്ട്. പക്ഷേ അതുപോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള, രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകള്‍ ഞാന്‍ പങ്കുവെയ്ക്കുമ്പോള്‍ ട്രോളിങും സൈബര്‍ ബുള്ളിയിങും ഞാന്‍ നേരിടാറുണ്ട്.

ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് അല്ലെങ്കില്‍ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നതാണ്. പക്ഷേ സൈബര്‍ ബുള്ളിയിങിന്റെ മുറിവുകള്‍ നമുക്ക് വ്യക്തമായി പുറത്ത് കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അതിനെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധമുള്ളവരാവണം. ഒരു വ്യക്തിയെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്.

ആര് തന്നെയായാലും അത് പുരുഷന്‍മാര്‍ എന്ന് മാത്രമല്ല, ആര് തന്നെയായാലും നിങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും? നിങ്ങള്‍ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അതുപോലെ തന്നെ നിങ്ങളിത് നേരിടേണ്ടിവരികയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. നിയമപരമായി പൂര്‍ണമായ തരത്തില്‍ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമുക്കുണ്ട്. അതിലുപരി പൗരന്‍മാരെന്ന നിലയില്‍ നമ്മളുടെ കടമയാണത്. ഇത്തരം സൈബര്‍ ബുള്ളിയിംഗുകളെ നിരസിക്കണം. നമുക്ക് പുറമേ കാണാന്‍ കഴിയാത്ത മുറിവുകള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാന്‍ പറ്റുന്ന ശാരീരികമായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണത്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. സൈബര്‍ ബുള്ളിയിങുകളോട് നോ പറയൂ’ എന്നാണ് പാര്‍വതി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.

Exit mobile version