ഇത്രയും നല്ല അമ്മായിയമ്മ വേറെയുണ്ടാകുമോ എന്ന് സംശയമാണ്! ശീമാട്ടിയുടെ അധിപയായ ബീന കണ്ണനെ വാഴ്ത്തി മരുമകള്‍

വീട്ടിലേക്ക് കയറി വന്ന പെണ്‍കുട്ടികളെ മരുമക്കളായല്ല, മക്കളായി തന്നെ കാണുന്ന ചില അമ്മായിയമ്മമാരുണ്ട്. സിനിമകളിലും സീരിയലുകളിലുമെല്ലാം അമ്മായിമ്മമാര്‍ വില്ലത്തിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ലാത്ത അമ്മായിയമ്മമാരാണ് ഏറെയും. തനിക്ക് ഏറെ ആത്മവിശ്വാസവും ധൈര്യവും തരുന്ന ഒരാളാണ് തന്റെ അമ്മായിയമ്മ എന്ന് തുറന്നുപറയുകയാണ് ശീമാട്ടി എന്ന വസ്ത്ര വിസ്മയത്തിന്റെ അധിപയായ ബീനാ കണ്ണന്റെ മരുമകള്‍ വിഘ്‌നേശ്വരി.

അമ്മായിയമ്മ ദിനത്തില്‍ വിഘ്‌നേശ്വരി ഒരു മാധ്യമത്തോടായി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലും പ്രചരിക്കുന്നത്. ബീനാ കണ്ണനെ എല്ലാവരുമറിയും. എന്നാല്‍ ‘വിക്കി’ എന്ന വിഘ്‌നേശ്വരിയുടെ അമ്മായിയമ്മയായ ബീനയെ എത്ര പേര്‍ക്കറിയാം. ”മറ്റാരേക്കാളും ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു തരുന്ന ഒരാള്‍”- വിക്കി ബീനയെക്കുറിച്ചു പറയുന്നു.

”ഞാന്‍ ഗൗതമിനെ കല്യാണം കഴിക്കുന്നതിനുമുന്നേ എന്റെ ചിറ്റമ്മയായിരുന്നു ബീന. ഇപ്പോള്‍ ചിറ്റമ്മയെന്നും ബീനാമ്മയെന്നും ബീമ്മ എന്നുമൊക്കെ ഞാന്‍ അമ്മയെ വിളിക്കാറുണ്ട്. എങ്ങനെ വിളിച്ചാലും സ്‌നേഹത്തോടെ വിളി കേള്‍ക്കുന്ന ഒരാളാണെന്ന്”- വിക്കി കൂട്ടിച്ചേര്‍ത്തു.

താനും ഗൗതമും കൂടി ‘ദി ബിഗ് ബാങ് കഫേ’ എന്ന സ്ഥാപനം തുടങ്ങുമ്പോള്‍ എല്ലാ പിന്തുണയും തന്നത് ബീനാമ്മയാണ്. വളരെയധികം ഭക്ഷണപ്രിയയായിരുന്നു താനെന്നും ആ ഇഷ്ടം മനസ്സിലാക്കിയാണ് ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങാന്‍ ബീനാമ്മ മുന്‍കൈയെടുത്തതെന്നും വിഘ്‌നേശ്വരി കൂട്ടിച്ചേര്‍ത്തു.

നമ്മളെ ടെന്‍ഷനടിപ്പിക്കാതെ എന്തും ചെയ്‌തോളൂവെന്ന് ആത്മവിശ്വാസവും ധൈര്യവും തരുന്ന ഒരാളാണ് ബീനാമ്മ. അമ്മായിഅമ്മയായി ഒരിക്കലും ബീനാമ്മയെ ഞാന്‍ കണ്ടിട്ടില്ല. മനസ്സുവായിക്കാനുള്ള കഴിവാണ് ബീനാമ്മയുടെ ഏറ്റവും വലിയ സവിശേഷതയെന്നും വിക്കി പറയുന്നു.

കല്യാണം കഴിഞ്ഞ് ഇവിടെയെത്തിയപ്പോഴാണ് യോഗയും വര്‍ക്കൗട്ടുകളും ഭക്ഷണ രീതികളുമൊക്കെ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ബീനാമ്മയുടെ ജീവിതത്തിലൂടെ മനസ്സിലാകുന്നത്. മരുമക്കളുടെ ജീവിതരീതികളെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു അമ്മായിഅമ്മ ഉണ്ടാകുമോയെന്ന് സംശയമാണെന്നും”- വിക്കി കൂട്ടിച്ചേര്‍ത്തു.

Exit mobile version