ഡബ്ല്യൂസിസിക്ക് പ്രത്യേക അജണ്ട ഉണ്ട്, ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; ബാബുരാജ്

ആക്രമിക്കപ്പെട്ട കുട്ടി എന്റെ ഏറ്റവും വലിയ സുഹൃത്താണ്. നടിമാരെ നടിമാര്‍ എന്നല്ലാതെ വേറെ എന്താണ് വിളിക്കേണ്ടതെന്നും ബാബുരാജ് ചോദിച്ചു

ആക്രമിക്കപ്പെട്ട നടിയെ താന്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഡബ്ല്യൂസിസിക്ക് പ്രത്യേക അജണ്ട ഉണ്ടെന്നും നടന്‍ ബാബുരാജ്. ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നത് ഒരു പഴഞ്ചൊല്ലാണ്. നടിക്ക് ഇപ്പോള്‍ ആരെ വിശ്വസിക്കണം എന്ന് അറിയില്ല. ആ അവസ്ഥയെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ബാബുരാജ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട കുട്ടി എന്റെ ഏറ്റവും വലിയ സുഹൃത്താണ്. നടിമാരെ നടിമാര്‍ എന്നല്ലാതെ വേറെ എന്താണ് വിളിക്കേണ്ടതെന്നും ബാബുരാജ് ചോദിച്ചു. ആക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് വിളിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ ബാബു രാജ് അധിക്ഷേപിച്ചതായി ഡബ്യൂസിസി അംഗം പാര്‍വതി പറഞ്ഞിരുന്നു. ആ ബാബുരാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടിമാരായ രചന നാരായണന്‍ കുട്ടിയും ഹണി റോസും നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതെന്നും പാര്‍വതി ചൂണ്ടിക്കാട്ടി.

ഡബ്ല്യൂസിസി അംഗങ്ങള്‍ ഇന്നലെ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.

Exit mobile version