കുടുംബത്തെ പോറ്റാൻ സിനിമകൾ ചെയ്തു; ഒടുവിൽ സിനിമ അവസാനിപ്പിച്ച് പണം മുഴുവൻ അമ്മയ്ക്ക് നൽകി പഠിക്കാനിറങ്ങി; കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ച അന്ന് പൊട്ടിക്കരഞ്ഞു: നടി മന്യ

മലയാളികൾക്ക് നിരവധി സിനിമകളിലൂടെ സുപരിചിതയാണ് നട മന്യ. അന്യദേശക്കാരിയും ഭാഷക്കാരിയാണെങ്കിലും മലയാളികൾക്ക് വീട്ടിലെ ഒരംഗത്തെ പോലെ ഈ മോഡേൺ പെൺകുട്ടിയെ ഇഷ്ടമായിരുന്നു. ഇടക്കാലത്ത് സിനിമകൾ നിർത്തി പഠനത്തിനും ജോലിക്കുമായി കരിയർ വഴി തിരിച്ചുവിടുകയും ഇപ്പോൾ യുഎസിൽ താമസിക്കുകയും ചെയ്ത മന്യ തന്റെ അനുഭവക്കുറിപ്പ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

പോസിറ്റീവ് സ്റ്റോറികൾ പ്രചരിപ്പിക്കുന്നതിലും മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മന്യ കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഒരിക്കലും നിങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷിക്കരുതെന്നും എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞാൻ ഇത് പോസ്റ്റുചെയ്തതെന്നും മന്യ പറയുന്നു.

മന്യയുടെ വാക്കുകൾ ഇങ്ങനെ: ‘എനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും. കൗമാര പ്രായത്തിൽ എന്റെ പപ്പ ഞങ്ങളെ വിട്ടുപോയി. അന്ന് കുടുംബത്തെ സഹായിക്കുന്നതിനായി സ്‌കൂൾ പഠനം ഉപേക്ഷിച്ച് ഞാൻ ജോലിക്കായി ഇറങ്ങി. ഒരു നടി എന്ന നിലയിൽ 41 സിനിമകൾ പൂർത്തിയാക്കിയ ശേഷം ഞാൻ സമ്പാദിച്ച പണം മുഴുവൻ എന്റെ അമ്മയ്ക്ക് നൽകി. ഞാൻ പിന്നീട് വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു. ഒരു ഐവി ലീഗിൽ പഠിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എനിക്ക് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു’.

‘ഞാൻ ആദ്യമായി ക്യാംപസിലേക്ക് കാലെടുത്തുവച്ചപ്പോൾ കരഞ്ഞുപോയി, അന്ന് വളരെയധികം കരഞ്ഞു. കുട്ടിക്കാലത്ത് ഞാൻ സ്‌നേഹിച്ച കാര്യങ്ങൾ തുടരാൻ കഴിഞ്ഞതിന്റെ സന്തോഷ കണ്ണീരായിരുന്നു അത്. പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷേ മാത്തമാറ്റിക്‌സ്-സ്റ്റാറ്റിസ്റ്റിക്‌സിൽ ഒരു കോഴ്‌സ് 4 വർഷം പൂർത്തിയാക്കുക, ഓണേഴ്‌സ് (4.0 ജിപിഎ) ബിരുദം നേടി, പൂർണ്ണ സ്‌കോളർഷിപ്പ് നേടുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യമായിരുന്നു.’

‘ക്ഷീണിതയായിരുന്നതിനാൽ പലതവണ കോഴ്‌സ് ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങൾ എനിക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും മുന്നോട്ട് തന്നെ പോകാൻ തീരുമാനിക്കുകയായിരുന്നു. എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു, ഞാൻ കഠിനാദ്ധ്വാനം ചെയ്തു. വിദ്യാഭ്യാസം നിങ്ങൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നു. എന്റെ അറിവ് എന്നിൽ നിന്ന് എടുക്കാൻ ആർക്കും കഴിയില്ല. ഈ അനന്തമായ പ്രപഞ്ചത്തിൽ നിങ്ങൾ എത്ര ചെറുതാണെന്ന് മനസ്സിലാക്കുന്നതിനനുസരിച്ച് നിങ്ങൾ കൂടുതൽ അറിവ് നേടുന്നു, കൂടുതൽ വിനയാന്വിതനായിത്തീരുന്നു. നാമെല്ലാവരും അതുല്യരായി ജനിച്ചവരാണ്, എല്ലായ്‌പ്പോഴും അത് ഓർക്കുക. നിങ്ങൾ എപ്പോഴും സ്‌പെഷ്യലാണ്. എന്റെ ഈ കഥ ഒരാളായെങ്കിലും പ്രോൽസാഹിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നു. നിങ്ങളെ എല്ലാവരെയും ഞാൻ സ്‌നേഹിക്കുന്നു.’- മന്യ കുറിച്ചു.

2008 ൽ സത്യ പട്ടേലിനെ വിവാഹം ചെയ്‌തെങ്കിലും വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് 2013ൽ വികാസ് ബാജ്‌പേയിയെ വിവാഹം ചെയ്ത മന്യ ഇപ്പോൾ ഭർത്താവിനും മകൾക്കുമൊപ്പം അമേരിക്കയിലാണ് താമസം. താരം അവിടെ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

Exit mobile version