“ആരെയും അധിക്ഷേപിച്ചിട്ടില്ല, തന്റെ പരാമര്‍ശം പാര്‍വ്വതി തെറ്റിദ്ധരിച്ചതാണ്”; വിവാദ പ്രസ്താവനയില്‍ ന്യായീകരണവുമായി ഇടവേള ബാബു

നടി പാര്‍വ്വതി തിരുവോത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടവേള ബാബു. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വ്വതി തെറ്റിദ്ധരിച്ചതാണെന്നും ഇടവേള ബാബു പറഞ്ഞു. താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനു പിന്നാലെയാണ് ഇടവേള ബാബുവിന്റെ വിശദീകരണം.

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞ ഉത്തരമാണ് വിവാദമായത്. അമ്മ നിര്‍മിക്കുന്ന ട്വിന്റി-ട്വിന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വച്ചവരും സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് വിവാദമായത്. തുടര്‍ന്ന് ഇടവേള ബാബുവിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത് രംഗത്ത് വന്നിരുന്നു. നാണമില്ലാത്ത വിഡ്ഡിയെ കാണുക എന്ന് പറഞ്ഞ് ഇടവേള ബാബുവിന്റെ അഭിമുഖം പങ്കുവെച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് അമ്മയില്‍ നിന്നും രാജിവെക്കുകയാണെന്നും പാര്‍വ്വതി അറിയിച്ചിരുന്നു.

2018 ല്‍ എന്റെ സുഹൃത്തുക്കള്‍ എഎംഎംഎയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ എഎംഎംഎ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. അതിനാല്‍ ഞാന്‍ സംഘടനയില്‍ നിന്നും രാജി വയ്ക്കുന്നു.അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.

Exit mobile version