‘അവതാര്‍ 2’വിന്റെ ചിത്രീകരണം പൂര്‍ത്തിയായി, മൂന്നാംഭാഗത്തിന്റെ 95 ശതമാനവും; ചലച്ചിത്ര പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ജെയിംസ് കാമറൂണ്‍

ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാര്‍ 2’. ഇപ്പോഴിതാ ചലച്ചിത്ര പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. അവതാര്‍ 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും മൂന്നാംഭാഗത്തിന്റെ 95 ശതമാനവും
പൂര്‍ത്തിയായെന്നാണ് ജെയിംസ് കാമറൂണ്‍ അറിയിച്ചത്.

ന്യൂസീലാന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. ന്യൂസീലാന്‍ഡ് പൂര്‍ണമായും കൊവിഡ് വിമുക്തമായ ഘട്ടത്തിലായിരുന്നു കാമറൂണും സംഘവും ചിത്രീകരണത്തിനായി അവിടേക്ക് തിരിച്ചത്. പിന്നീട് രാജ്യത്തത് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും അവതാര്‍ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ചിരുന്നു.

2009 ലാണ് മനുഷ്യരും പണ്ടോര ഗ്രഹത്തിലെ നവി വംശക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ അവതാര്‍ റിലീസ് ചെയ്തത്. നാലര വര്‍ഷം കൊണ്ട് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2.7 ദശലക്ഷം ഡോളാണ് ചിത്രം തീയേറ്ററില്‍ നിന്ന് വാരിയത്.

അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് ‘അവതാര്‍ 2’ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിസ്മയലോകം തന്നെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. . സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ എന്നിവരാണ് അഭിനേതാക്കള്‍. 7500 കോടി രൂപയാണ് സിനിമയിലെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 20ത്ത് സെഞ്ച്വറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version