ഐ സെഡ് യെസ്! വിവാഹിതയാകുന്നെന്ന് കാജൽ അഗർവാൾ; വരൻ ഗൗതം

വിവാഹിതയാകാൻ പോകുന്നെന്ന സന്തോഷ വാർത്ത അറിയിച്ച് നടി കാജൽ അഗർവാൾ. തെന്നിന്ത്യൻ താരസുന്ദരി ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്‌ലുവിനെയാണ് വിവാഹം ചെയ്യുന്നത്. കാജൽ തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബർ 30ന് മുംബൈയിൽ വച്ചാണ് വിവാഹം.

അടുത്ത ബന്ധുക്കൾ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ. 2004ൽ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.

Exit mobile version