‘ഡിവോഴ്‌സ്’ സിനിമയുടെ സെറ്റില്‍ കോവിഡ്, നടന്‍ പി.ശ്രീകുമാര്‍ ആശുപത്രിയില്‍, സംഘത്തിലുള്ളവരെല്ലാം ക്വാറന്റീനില്‍

കൊച്ചി: ‘ഡിവോഴ്‌സ്’ സിനിമയുടെ ഷൂട്ടിങ് സംഘത്തില്‍പെട്ടവര്‍ക്കു കോവിഡ് 19 വൈറസ് ബാധ. തുടര്‍ന്നു ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആസ്ഥാന ഓഫിസും ഒരാഴ്ചത്തേക്ക് അടച്ചു. ഈ സിനിമയില്‍ അഭിനയിച്ച നടന്‍ പി.ശ്രീകുമാറിന് കോവിഡ് ബാധ സ്ഥിരീകരിച്ചു.

അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാളിനും സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ക്കും കോവിഡ് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി ഒരാഴ്ച അടച്ചിട്ടു.

‘ഡിവോഴ്‌സ്’ സിനിമഷൂട്ടിങ് സംഘത്തിലുള്ളവരെല്ലാം ഇപ്പോള്‍ ക്വാറന്റീനിലാണ്. സിനിമയുമായി ബന്ധപ്പെട്ടവര്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ കലാഭവന്‍ ഓഫിസില്‍ എത്താറുള്ളതിനാല്‍ അവിടവും അണുവിമുക്തമാക്കി അടച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണു കഴിഞ്ഞ ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്.

സ്ഥിതി മെച്ചപ്പെടുമ്പോള്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ അറിയിച്ചു. വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സിനിമയാണ് ഡിവോര്‍സ്.

Exit mobile version