‘ആദ്യമായി എഴുതിയ തിരക്കഥ, വെള്ളിത്തിര കണ്ടിട്ടില്ല; കുറിപ്പുമായി മിഥുന്‍ മാനുവല്‍ തോമസ്

‘ആട്’ എന്ന ചിത്രം ഒരുക്കിയതിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ‘ഓം ശാന്തി ഓശാന’ ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സിനിമാ രംഗത്തേക്ക് എത്തിയത്. എന്നാല്‍ താന്‍ ആദ്യമായി എഴുതിയ തിരക്കഥ ഇതുവരെ വെള്ളിത്തിര കണ്ടിട്ടില്ല എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നത്. തന്റെ ഫേസ്ബുക്കില്‍ ആ തിരക്കഥയുടെ ചിത്രം പങ്കുവെച്ചാണ് മിഥുന്‍ ഈ കാര്യം വ്യക്തമാക്കിയത്.

‘നോസ്റ്റാള്‍ജിയ പോസ്റ്റ്..തുടക്കം..എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിതത്തില്‍ ആദ്യമായി എഴുതിയ തിരക്കഥയുടെ ഫോട്ടം..ഒഫ് കോഴ്സ് കഥ വെള്ളിത്തിര കണ്ടിട്ടില്ല.എഴുത്ത് പ്രതി സൂക്ഷിച്ചു വെച്ച് ഫോട്ടോ അയച്ചു തന്നത് നന്‍പന്‍” എന്നാണ് ഒരു ദേശം കഥ പറയുന്നു എന്ന് പേരിട്ട തിരക്കഥയുടെ ആദ്യ പേജ് പങ്കുവെച്ച് കൊണ്ട് മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘അഞ്ചാം പാതിര’യുടെ ഹിന്ദി റീമേക്ക് ഒരുക്കി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. തിരുവോണദിനത്തിലാണ് അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്ക് ഒരുക്കുന്ന സന്തോഷം മിഥുന്‍ പങ്കുവെച്ചത്.

Exit mobile version