ആ മനുഷ്യൻ കരഞ്ഞില്ലന്നേയുള്ളൂ; ഭാഗ്യലക്ഷ്മി വിവാഹമോചിതരായ താരദമ്പതികളെ കണ്ട് പഠിക്കണം: ശാന്തിവിള ദിനേശ്; കേസ്

തിരുവനന്തപുരം: യൂട്യൂബിലൂടെ അപമാനിച്ചെന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മി മുമ്പ് സൈബർ സെല്ലിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ ശാന്തിവിള ദിനേശ് തന്നെ പേരുപറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ഭാഗ്യലക്ഷ്മി പലതവണ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം യുട്യൂബ് വീഡിയോയിലൂടെ സാമൂഹിക, സാംസ്‌കാരിക സിനിമാരംഗത്തെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കൈയേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ വിജയ് നായർക്കെതിരോയും ഭാഗ്യലക്ഷ്മിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് മുമ്പത്തെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരേയും കേസെടുത്തിരിക്കുന്നത്.

അതേസമയം, സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിശദീകരണവുമായി ശാന്തിവിള ദിനേശ് രംഗത്തെത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ യുട്യൂബിൽ നിന്നും നോട്ടീസ് വന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ വീഡിയോ നീക്കം ചെയ്‌തെന്നും ദിനേശ് പറയുന്നു. നഷ്ടപ്പെടാൻ തനിക്കൊന്നുമില്ലെന്നും ആ വീഡിയോയിൽ പറയുന്ന കാര്യങ്ങളൊക്കെ പച്ചയായ സത്യങ്ങളായിരുന്നുവെന്നും ദിനേശ് പറഞ്ഞു. മറ്റൊരു യൂട്യൂബ് വീഡിയോയിലൂടെയാണ് ദിനേശിന്റെ പ്രതികരണം.

വീഡിയോയിൽ പറയുന്നതിങ്ങനെ:

‘എന്റെ യുട്യൂബ് ചാനലിന്റെ രണ്ടാമത്തെ സ്റ്റോറി ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കുറിച്ചായിരുന്നു. ചാനലുകളിൽ ചെന്നിരുന്ന് ആദ്യ ഭർത്താവിനെയും കാമുകനെയും പേഴ്‌സണൽ ഹരാസ്‌മെന്റ് നടത്തുന്നത് നിർത്തണം, അത് മോശമാണ് എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങൾ മലയാളത്തിലെ ഒരു താരദമ്പതികളെ കണ്ട് പഠിക്കണം, ബന്ധം പിരിഞ്ഞതിന് ശേഷം അവർ ഇന്ന് വരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല. അത് പോലെ ചെയ്യണം. ഞാൻ പേഴ്‌സണൽ ഹരാസ്‌മെന്റ് നടത്തിയിട്ടില്ല. ഈ പറയുന്ന ശബ്ദം വിറ്റ് ജീവിക്കുന്ന കലാകാരിക്ക് എവിടം വരെ ബന്ധം ഉണ്ടെന്ന് അറിയിക്കാനാണ് ഞാൻ ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.’

‘അവരെ ഹരാസ് ചെയ്തു, അവരെ വ്യക്തിഹത്യ നടത്തി, ഫോട്ടോ ദുരുപയോഗം ചെയ്തു എന്നിങ്ങനെ യൂട്യൂബിന് പരാതി നൽകി. യൂട്യൂബ് എനിക്ക് മെയിൽ നൽകി. 48 മണിക്കൂറിനുള്ളിൽ അത് പിൻവലിക്കണം എന്ന്. ഞാൻ രണ്ട് മിനിറ്റ് കൊണ്ട് ആ സാധനം എന്റെ ചാനലിൽ നിന്ന് മാറ്റി. വക്കീലിനെ കാണാനും അതിന് പിറകെ പോകാനും എനിക്ക് സമയം ഇല്ലായിരുന്നു.’

‘ആ വിവാദ വിഡിയോ ടെലികാസ്റ്റ് ചെയ്ത പിറ്റേദിവസം ഇവർ എനിക്കൊരു കത്ത് അയച്ചിരുന്നു. അവരുടെ ശരികളായിരുന്നു അതിൽ ഉണ്ടായിരുന്നത്. തന്നെപ്പറ്റി ഇല്ലാക്കഥ പറഞ്ഞ് കാശ് ഉണ്ടാക്കുന്നുണ്ടെങ്കിൽ തനിക്ക് പരാതി ഇല്ലെന്നും അതിൽ പറയുന്നു. എല്ലാം ദൈവം കാണുന്നുണ്ടെന്നും പറയുന്നു. ഞാൻ അതിനു മറുപടിയും അയച്ചു. അതിന് പതിമൂന്ന് മെസേജുകളാണ് എനിക്ക് തിരിച്ച് അയച്ചത്. അതൊക്കെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. സിനിമാക്കാർക്ക് തന്നെ ഇവരോട് ശത്രുതയുണ്ട്. ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ പറയുന്ന കഥാപാത്രത്തിന്റെ പൊങ്ങച്ചം സഹിക്കേണ്ടിവന്നവരാണ് എന്നെ വിളിച്ചത്. ഇവരുടെ അഹങ്കാരത്തിനെതിരെ ഒരാളെങ്കിലും സംസാരിച്ചല്ലോ എന്നായിരുന്നു അവരൊക്കെ പറഞ്ഞത്. ഞാനൊരു കേസിനും വഴക്കിനും പോകുന്നില്ല. അതുകൊണ്ടാണ് ആ വിഡിയോ നീക്കം ചെയ്തത്.’–ശാന്തിവിള ദിനേശ് പറഞ്ഞു.

‘ഇവരുടെ ഭർത്താവ് എന്നെ വിളിച്ചിരുന്നു. സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഫോൺ വന്നത്. പേര് കേട്ടതും ഞെട്ടിപ്പോയി. പെട്ടന്ന് സ്‌കൂട്ടർ നിർത്തി അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി. മകൻ സത്യത്തിൽ ഞാൻ പറയുന്നു, ആ മനുഷ്യൻ ഫോണിൽ കൂടി കരഞ്ഞില്ലന്നേ ഒള്ളൂ. ആകെ ചെയ്ത ദ്രോഹം അവരുടെ കഴുത്തിൽ താലികെട്ടി, അല്ലെങ്കിൽ അവരുടെ ഉദരത്തിൽ രണ്ട് മക്കൾക്ക് ജന്മം കൊടുത്തു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വർഷമായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോടും പരാതി പറഞ്ഞില്ലെന്നും തനിക്കു വേണ്ടിയും ആരും സംസാരിച്ചിട്ടില്ലെന്ന് എന്നോട് പറഞ്ഞു. ഏതുപാതിരാത്രിയിൽ വേണമെങ്കിലും തന്നെ വിളിക്കാമെന്നും ഇനിയും എന്തുസഹായത്തിനും താങ്കൾക്കൊപ്പം ഞാനുണ്ടാകുമെന്ന വാക്കും അദ്ദേഹത്തിനു നൽകി.’-ശാന്തിവിള ദിനേശ് പറഞ്ഞു. തന്നെ സിനിമക്കാരായ പലരും വിളിച്ച് പിന്തുണയും അഭിനന്ദനവും നൽകിയെന്നും ശാന്തിവിള ദിനേശ് യൂട്യൂബ് വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്.

Exit mobile version